Monday, May 20, 2024
spot_img

കേരളീയത്തിന് സർക്കാർ കോടികൾ പൊടിക്കുമ്പോൾ ജനങ്ങൾ വീണ്ടും ദുരിതത്തിൽ ; സപ്ലൈകോയിൽ സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വീണ്ടും ക്ഷാമം ; ഓണത്തിന് ശേഷം സാധനങ്ങൾ എത്തിയിട്ടില്ലെന്ന് ജനങ്ങൾ

സംസ്ഥാനത്ത് സപ്ലൈകോയിൽ സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വീണ്ടും ക്ഷാമം. സബ്സിഡിയുള്ള 13 ഉൽപന്നങ്ങളിൽ പകുതിയിലേറെയും പലയിടങ്ങളിലും ലഭ്യമല്ല. ഓണത്തിന് ശേഷം സാധനങ്ങൾ എത്തിയിട്ടില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി.

ഭക്ഷ്യമന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട് സപ്ലൈകോ സ്റ്റോറുകളിലും എല്ലാ സബ്സിഡി ഇനങ്ങളുമില്ല. മന്ത്രി മിന്നൽ പരിശോധന നടത്തിയ നെടുമങ്ങാട് പീപ്പിള്‍സ് ബസാറിൽ നാല് സബ്സിഡി ഇനങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. അതേസമയം, മന്ത്രി മണ്ഡലത്തിലെ സപ്ലൈകോയിൽ മാത്രമല്ല, സംസ്ഥാനമൊട്ടാകെ ഇതുതന്നെയാണ് അവസ്ഥ. ഗ്രാമീണമേഖലയിലെ സ്റ്റോറുകളിലും ഉൽപ്പന്നങ്ങൾക്ക് ക്ഷാമം നേരിടുകയാണ്. അരി, പഞ്ചസാര അടക്കമുള്ള അവശവസ്തുക്കൾ ലഭിക്കുന്നില്ല എന്നാണ് ഉപഭോക്താക്കളുടെ പരാതി. പഞ്ചസാരയും വന്‍പയറും വന്നിട്ട് രണ്ട് മാസമായെന്നും ഓണത്തിന് ശേഷം സാധനങ്ങൾ എത്തുന്നില്ലെന്നും ഉപഭോക്താക്കൾ പറയുന്നു.

അതേസമയം, സപ്ലൈകോയുടെ സ്ഥിരം കരാറുകാര്‍ക്ക് 600 കോടി രൂപയാണ് കുടിശിക ഇനിയും നൽകാനുള്ളത്. സപ്ലൈകോ ഔ‍ട്ട്‍ലെറ്റുകളുടെ വരുമാനത്തിലും വൻ ഇടിവ് സംഭവിച്ചിരിക്കുകയാണ്. സാധനങ്ങളുടെ വില കൂട്ടാതെ പിടിച്ച് നിൽക്കാനാകില്ലെന്നാണ് സപ്ലൈകോ അറിയിക്കുന്നത്. എന്തായാലും വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഉയരുന്ന ആവശ്യം.

Related Articles

Latest Articles