പത്തനംതിട്ട : ശബരിമല കർമ്മ സമിതി സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ നടത്തിയ പരാമർശത്തിൽ ശ്രീരാമദാസ മിഷൻ അദ്ധ്യക്ഷൻ ശാന്താനന്ദ മഹർഷിക്കെതിരെ പോലീസിൽ പരാതി. പ്രസംഗത്തിൽ വാവർ തീവ്രവാദിയും മുസ്ലിം ആക്രമണകാരിയുമെന്ന് ശാന്താനന്ദ മഹർഷി പറഞ്ഞിരുന്നു.
ഇത് ചൂണ്ടിക്കാട്ടി കോൺഗ്രസ് മാദ്ധ്യമ വക്താവ് അനൂപ് വി ആറാണ് പരാതി നൽകിയത്. പ്രസംഗം വിശ്വാസം വ്രണപ്പെടുത്തിയെന്നും മതവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ ഉണ്ടാക്കിയെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. വാവർ ചരിത്രം തെറ്റാണെന്നും വാപുരൻ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരിയെന്നും ശാന്താനന്ദ മഹർഷി ചൂണ്ടിക്കാട്ടിയിരുന്നു.
‘വാപുരൻ എന്ന് പറയുന്നത് ഇല്ലാപോലും. 25-30 വർഷങ്ങൾക്ക് മുമ്പ് തന്നെ ശബരിമലയിൽ വെച്ചിരിക്കുന്നത് വാവരെയാണ്. വാവർക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവർ മുസ്ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന തീവ്രവാദിയാണ്. അയാൾ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്’, എന്നായിരുന്നു ശാന്താനന്ദ മഹിർഷി പ്രസംഗത്തിൽ പറഞ്ഞിരുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പാ തീരത്ത് സർക്കാരും ബോർഡും ചേർന്ന് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് ബദൽ ആയാണ് ഹൈന്ദവ സംഘടകൾ ശബരിമല സംരക്ഷണ സംഗമം എന്ന പേരിൽ പന്തളത്ത് മറ്റൊരു പരിപാടി സംഘടിപ്പിച്ചത്. ബിജെപി മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയായിരുന്നു ബദൽ സംഗമത്തിന്റെ ഉദ്ഘാടകൻ.

