Wednesday, May 15, 2024
spot_img

ബിജെപിയിൽ ചേരാൻ ദില്ലിയിൽ വന്നു; പാർട്ടി പ്രവേശനത്തിനായി നിശ്ചയിച്ചിരുന്ന ദിവസത്തിന്റെ തൊട്ടു തലേന്ന് ജയരാജൻ പെട്ടെന്ന് പരിഭ്രമത്തോടെ പിന്മാറി; ജയരാജനെ ഫോണിൽ ഭീഷണിപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ?

തിരുവനന്തപുരം: എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനുമായി അദ്ദേഹത്തിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് മൂന്നു തവണ നേരിൽ കണ്ടിട്ടുണ്ടെന്നും പാർട്ടി പ്രവേശനത്തിനായി തീരുമാനിച്ച ദിവസത്തിന് തൊട്ടു തലേന്ന് ജയരാജൻ പിന്മാറിയെന്നും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രൻ. പാർട്ടി പ്രവേശനത്തിന് നിശ്ചയിച്ചിരുന്ന തൊട്ട് തലേദിവസം ജയരാജൻ തീയതി നീട്ടണം എന്നാവശ്യപ്പെട്ട് പിന്മാറുകയായിരുന്നു. അതിന് തൊട്ടുമുന്നെ ജയരാജന് ഒരു ഫോൺ കാൾ വന്നിരുന്നു. അതിനുശേഷം അസാധാരണമായി പരിഭ്രാന്തനായിക്കൊണ്ടാണ് ജയരാജൻ പിന്മാറിയത്. അത് ഭീഷണി സന്ദേശം ആയിരുന്നിരിക്കാമെന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഫോൺ ചെയ്‌തത്‌ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കാമെന്നും ജയരാജന്റെ പദ്ധതികൾ അദ്ദേഹത്തിന് അടുപ്പമുള്ള ആരോ പാർട്ടിക്ക് ചോർത്തിയിരിക്കാമെന്നും ഒരു മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ടി പി ചന്ദ്രശേഖരനെയും ജയകൃഷ്ണൻ മാസ്റ്ററെയും വെട്ടിക്കൊന്ന പാർട്ടിയുടെ ഭീഷണി കേട്ട് ജയരാജൻ ഭയന്നിരിക്കാമെന്നും എന്നാൽ ഇതൊക്കെ മുൻകൂട്ടി കണ്ടുവേണമായിരുന്നു ജയരാജൻ ഇറങ്ങി തിരിക്കേണ്ടിയിരുന്നതെന്നും ശോഭാ സുരേന്ദ്രൻ തുറന്നടിച്ചു. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് മൂന്നു തവണ താൻ ജയരാജനുമായി ചർച്ച നടത്തിയിട്ടുണ്ട്. ആദ്യ ചർച്ച ദല്ലാൾ നന്ദകുമാറിന്റെ വെണ്ണലയിലെ വീട്ടിൽ വച്ചായിരുന്നു. അവിടെവച്ച് ദില്ലി യാത്രയുടെ തീയതി തീരുമാനിച്ചു. ദില്ലിയിലെ ലളിത് ഹോട്ടലിലായിരുന്നു രണ്ടാം ചർച്ച. ഈ ചർച്ചയ്ക്കിടയിലാണ് ജയരാജന് ഫോൺ വരുന്നതും പരിഭ്രാന്തനായി പിന്മാറുന്നതും. ദില്ലിയിലെ ചർച്ച പരാജയപ്പെട്ടതിൽ വിഷമമുണ്ടെന്നും പാർട്ടി പ്രവേശന താൽപര്യത്തിൽ ഉറച്ചു നിൽക്കുന്നതായി അറിയിച്ചതിനെ തുടർന്ന് തൃശ്ശൂർ രാമ നിലയത്തിൽ മൂന്നാം തവണയും ഇ പി യെ കണ്ടതായി ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തി.

ജയരാജന് ബിജെപിയിൽ ചേരാൻ താൽപ്പമുണ്ടെന്ന വിവരം ആദ്യം അറിയിച്ചത് ദല്ലാൾ നന്ദകുമാറാണ്. ആദ്യം അത് വിശ്വസിക്കാനായില്ല എന്നാൽ നന്ദകുമാറിന്റെ ഫോണിലൂടെ ഇ പി നേരിട്ട് സംസാരിച്ചപ്പോഴാണ് കാര്യങ്ങൾക്ക് വ്യക്തത വന്നത്. താനും ജയരാജനും തമ്മിൽ നടന്ന കൂടിക്കാഴ്ചകൾക്ക് സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളുണ്ടെന്നും ജയരാജൻ നിഷേധിച്ചത് കൊണ്ട് മാത്രം വസ്തുതകൾ വസ്തുതകളല്ലാതാകുന്നില്ല എന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles