സൂറത്ത്: വയനാട് എം പി രാഹുൽഗാന്ധിക്കെതിരെ സൂറത്ത് ജില്ലാക്കോടതി ഇന്നലെ പ്രസ്താവിച്ച വിധി കോൺഗ്രസ് ഹൈക്കമാന്റിനെ വല്ലാതെ ഞെട്ടിച്ചിച്ചിരിക്കുകയാണ്. ലണ്ടൺ പ്രസംഗങ്ങളുടെ പേരിൽ പാർലമെന്റ് അംഗത്വത്തിന് അയോഗ്യത വരുമോ എന്ന് ഭയപ്പെട്ടിരുന്ന രാഹുലിന് ഇരട്ട പ്രഹരമായി മാറുകയായിരുന്നു ഇന്നലത്തെ കോടതിവിധി. രണ്ടുവർഷത്തെ ശിക്ഷയുടെ അടിസ്ഥാനത്തിൽ രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതി ലോക്സഭാ സ്പീക്കറുടെ മേശപ്പുറത്ത് എത്തിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളനെന്ന് വിളിച്ചിട്ടുപോലും ബിജെപി രാഹുലിനെ വെറുതെ വിട്ടു. പക്ഷെ ലണ്ടനിൽ നടത്തിയ ഇന്ത്യാവിരുദ്ധ പ്രസ്‌താവനക്ക് ശേഷം രാഹുൽ ബിജെപിയുടെ പ്രതിഷേധത്തിന്റെ ചൂടറിയുകയാണ് പാർലമെന്റിൽ. അതിനിടെ അപ്രതീക്ഷിതമായി എത്തിയ കോടതിവിധിയിൽ പകച്ചുനിൽക്കുകയാണ് വയനാട് എം പി.
അതേസമയം 2019 ൽ നടത്തിയ പ്രസ്‌താവനയിൽ രാഹുൽഗാന്ധിയെ മുട്ടുകുത്തിച്ച ബിജെപി എം എൽ എ പൂർണേഷ് മോദിയെക്കുറിച്ചാണ് ഇന്നലെ അധികം പേരും ഗൂഗിളിൽ തിരഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പേരിൽ മാത്രമല്ല, ഒട്ടേറെ സാമ്യങ്ങളുണ്ട് പൂർണേഷ് മോദിക്ക്. പ്രധാനമന്ത്രിയെ പോലെ ചെറുപ്പകാലത്ത് ചായവിൽപ്പനക്കാരനായിരുന്നു പൂർണേഷ് മോദിയും. ചായവിറ്റും കൂലിപ്പണിയെടുത്തും ജീവിതം മുന്നോട്ട് കൊണ്ടുപോയ സാധാരണ യുവാവായിരുന്നു പൂർണേഷ് മോദി. പിന്നീട് വക്കീലാഫീസിൽ ഗുമസ്തനായി. നിയമത്തോടുള്ള അഭിരുചികാരണം പിന്നീട് പഠിച്ച് വക്കീലായി. ഗുജറാത്ത് ഭൂകമ്പത്തിന്റെ നാളുകളിൽ അന്ന് ബിജെപി ജനറൽ സെക്രട്ടറിയായിരുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തക സംഘത്തിൽ അംഗം. അങ്ങനെ നരേന്ദ്രമോദിയുമായി അടുപ്പം. ബൂത്ത് കൺവീനറിൽ തുടങ്ങി സംസ്ഥാന മന്ത്രിവരെ ആയ പ്രവർത്തന പാരമ്പര്യം പൂർണേഷ് മോദിക്കുണ്ട്. വാർഡ് പ്രമുഖ്, സൂറത്ത് മുനിസിപ്പൽ കോർപറേഷനിൽ കോർപറേറ്റർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, സൂറത്ത് ബിജെപിയുടെ തലവൻ, സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബിജെപി എം എൽ എ കിഷോർ വങ്കവാലയുടെ നിര്യാണത്തെ തുടർന്ന് സൂറത്ത് വെസ്റ്റ് നിയോജകമണ്ഡലത്തിൽ 2013ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് പൂർണേഷ് നിയമസഭയിലെത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം തവണ ജനവിധി തേടിയ പൂർണേഷ് മോദി വിജയിച്ചത് ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ്.
അഴിമതിയുടെ കറപുരളാത്ത ക്രിമിനൽ കേസുകളൊന്നുമില്ലാത്ത ജനപ്രതിനിധിയായ പൂർണേഷ് മോദിക്ക് മുന്നിലാണ് രാഹുൽ ഗാന്ധിക്ക് ഇപ്പോൾ കാലിടറിയിരിക്കുന്നത്. രാഹുലിനെയും കോൺഗ്രസിനെയും ഒതുക്കാൻ സാക്ഷാൽ നരേന്ദ്രമോദി തന്നെ വേണമെന്നില്ലെന്നും ബിജെപിയിൽ ഇനിയും മോദിമാരുണ്ടെന്നും കോൺഗ്രസ് ഹൈക്കമാന്റ് മനസ്സിലാക്കിയ കോടതിവിധികൂടിയാണ് ഇന്നലെ സൂറത്ത് ജില്ലാക്കോടതി പുറത്തുവിട്ടത്.

