Monday, October 19, 2026

“മാരോ ഫിരംഗി കോ”; ഭാരതസ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇന്നും തുടിക്കുന്ന ഒരു അദ്ധ്യായം; രാജ്യത്തിനുവേണ്ടി പോരാടിയ വിപ്ലവകാരി; ഇന്ന് മംഗൽ പാണ്ഡേ വീരബലിദാന ദിനം

ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒരു പുത്തന്‍ അദ്ധ്യായം എഴുതി ചേര്‍ത്ത, ആ മഹത് വ്യക്തിത്വതിന്റെ വീരരക്തസാക്ഷിത്വദിനം. അതെ ഏപ്രില്‍ 8, ഇന്ന് മംഗൽ പാണ്ഡേ വീരബലിദാന ദിനം. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലുള്ള നഗ്‌വ എന്ന ഗ്രാമത്തിൽ 1827 ജൂലൈ 19-ന്, ഒരു ഭുമിഹർ ബ്രാഹ്മണ കുടുംബത്തിലായിരുന്നു മംഗൽ പാണ്ഡേയുടെ ജനനം 1849-ൽ തന്റെ 22-ആം വയസ്സിൽ മംഗൽ പാണ്ഡേ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ചേർന്നു. 34-ആം ബംഗാൾ നേറ്റീവ് ഇൻഫന്ററിയിലെ അഞ്ചാം കമ്പനിയിലാണ് ശിപായി ആയി മംഗൽ പാണ്ഡേ ഉദ്യോഗത്തിൽ പ്രവേശിച്ചത് പിൽകാലത്ത് ശിപായി ലഹള എന്നറിയപ്പെട്ട ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് രാജ്യം മുഴുവൻ അറിയുന്ന ഒരു വ്യക്തിയായത്.

ബംഗാൾ സൈന്യത്തിൽ പുതിയതായി എത്തിയ എൻഫീൽഡ്-പി-53 തോക്കുകളിൽ ഉപയോഗിക്കുന്ന തിരകളെക്കുറിച്ചുള്ള ദുരീകരിക്കാത്ത സംശയങ്ങളായിരുന്നു മംഗൽ പാണ്ഡേയുടെ പെരുമാറ്റത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. തോക്കുകളിൽ ഉപയോഗിക്കുന്നതിനു മുമ്പായി തിരകൾ പൊതിഞ്ഞിരിക്കുന്ന കടലാസുകൊണ്ടുള്ള ആവരണം പട്ടാളക്കാർ കടിച്ചു തുറക്കേണ്ടിയിരുന്നു. ഈ കടലാസ് ആവരണത്തിൽ പന്നിയുടേയും, പശുവിന്റേയും കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്ന കിംവദന്തി പട്ടാളക്കാർക്കിടയിൽ പെട്ടെന്നു പടർന്നു. ഹിന്ദു മതത്തിൽ പശു ഒരു വിശുദ്ധ മൃഗമായി കണക്കാക്കിയിരുന്നു, മുസ്ലിം സമുദായത്തിൽ പന്നി ഒരു വർജ്ജിക്കപ്പെട്ട മൃഗവുമായിരുന്നു. തങ്ങളുടെ മതവികാരങ്ങളെ ഹനിക്കാനുള്ള ബ്രിട്ടീഷുകാരുടെ മനപൂർവ്വമുള്ള ഒരു ശ്രമമായി യാഥാസ്ഥിതിക ഹിന്ദു, മുസ്ലിം സമുദായക്കാർ കരുതി.ഈ കടലാസ് ആവരണത്തിൽ മെഴുകും, ആടിന്റെ മാംസത്തിൽ നിന്നെടുക്കുന്ന കൊഴുപ്പും മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. ഹിന്ദുക്കളേയും, മുസ്ലിങ്ങളേയും തങ്ങളുടെ മതത്തെ ധിക്കരിക്കുക വഴി, ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം നടത്താനുള്ള ശ്രമമായി പോലും ഈ സംഭവം വ്യാഖ്യാനിക്കപ്പെട്ടു. അതുപോലെ, പട്ടാളക്കാർക്കു ഭക്ഷണത്തിനായി നൽകിയ ഗോതമ്പു പൊടിയിൽ പശുവിന്റെ എല്ലു പൊടിച്ചു ചേർത്തിരുന്നുവെന്ന വ്യാജവാർത്തയും പ്രചരിക്കപ്പെട്ടു.

എന്നാൽ ഒരു തികഞ്ഞ ഹിന്ദു വിശ്വാസിയായ മംഗൽ പാണ്ഡേ, തന്റെ മതത്തിന്റെ വിശ്വാസങ്ങളെ ഹനിക്കുന്നരീതിയിലുള്ള ബ്രിട്ടീഷ് സർക്കാരിന്റെ നയങ്ങൾക്കെതിരേ പ്രതിഷേധിച്ചണ് 1857 മാർച്ച് 29ന് കൽക്കട്ടക്കടുത്തുള്ള ബാരഖ്പൂർ എന്ന സൈനികതാവളത്തിൽ മംഗൽ പാണ്ഡേ തന്റെ മേധാവിയും, 34 ആം റെജിമെന്റിന്റെ ഓഫീസറുമായ ലഫ്റ്റനന്റ്, ബോഗിനെതിരേ വെടിയുതിർത്തു. എന്നാൽ മംഗൽ പാണ്ഡേയ്ക്ക് ലക്ഷ്യം കണ്ടെത്താനായില്ല. തിരികെ വെടിവെച്ച ബോഗിന്റെ ലക്ഷ്യവും പാഴായി. എന്നാൽ ബോഗിന്റ കുതിരക്ക് വെടിയേറ്റിരുന്നു. താഴെ വീണ ബോഗിനെ മംഗൽ തന്റെ വാളുകൊണ്ട് പരുക്കേൽപ്പിക്കാൻ ശ്രമിച്ചു. ഈ സമയം അടുത്തുണ്ടായിരുന്നു മറ്റൊരു സൈനികനായിരുന്ന ഷെയ്ക് പാൾത്തു മംഗൽ പാണ്ഡേയെ തടയുകയുണ്ടായി.

പിന്നീട് ഈ വിവരം അറിഞ്ഞ് പരേഡ് മൈതാനത്തെത്തിയ സെർജന്റ് മേജർ ജോയ്സി ഹെർസെ ഇന്ത്യാക്കാരനായ ഇഷാരി പാണ്ഡേയോട് മംഗൽ പാണ്ഡേയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. എന്നാൽ ഇഷാരി തന്റെ മേലധികാരിയുടെ ഉത്തരവിനെ നിരസിച്ചു. മറ്റു ശിപായിമാർ മംഗൽ പാണ്ഡേയെ വിട്ടയക്കാൻ ഷെയ്ക്ക് പാൾത്തുവിനോട് ആവശ്യപ്പെട്ടെങ്കിലും അയാൾ തയ്യാറായില്ല. ഉടൻ തന്നെ അവർ അയാൾക്കു നേരെ കല്ലുകൾ വലിച്ചെറിയാൻ തുടങ്ങി. ജോയ്സിയുടെ ഉത്തരവിനെ ആരും തന്നെ അനുസരിക്കാൻ തയ്യാറായില്ല, തന്റെ ആജ്ഞയെ അനുസരിക്കാത്തവരെ വെടിവെക്കുമെന്ന് അയാൾ ആക്രോശിക്കാൻ തുടങ്ങി. ഈ സമയത്ത് തന്റെ തോക്കിൽ നിന്ന് മംഗൽ സ്വയം വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നിസ്സാരമായ പരുക്കേറ്റ മംഗൽ പാണ്ഡേയെ അറസ്റ്റ് ചെയ്തു.34 ആം ബംഗാൾ നേറ്റീവ് ഇൻഫെൻട്രി പിരിച്ചുവിട്ടു. തങ്ങളുടെ മേലധികാരിക്കെതിരായി ഉണ്ടായ ഒരു ആക്രമണത്തെ ചെറുക്കുന്നതിൽ ശിപായിമാർ പരാജയപ്പെട്ടു എന്നതായിരുന്നു കാരണം.

ഈ കുറ്റത്തിന് ആ വിപ്ലവകാരിയെ 1857 ഏപ്രില്‍ 8 ന് പരേഡ് ഗ്രൌണ്ടില്‍ പരസ്യമായി തൂക്കിക്കൊന്നു. “മാരോ ഫിരംഗി കോ” എന്ന് ഗർജിച്ചുകൊണ്ട് ബ്രിട്ടീഷ്‌ വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച മംഗല് പാണ്ഡേയുടെ ബലിദാനം ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഇന്നും തുടിക്കുന്ന ഒരു അദ്ധ്യായമായി അദ്ദേഹം നിലനിൽക്കുന്നു. മംഗള്‍പാണ്ഡേയാണ് ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനിയായി പലരും കണക്കാക്കുന്നത്. കൂടാതെ മംഗള്‍ പാണ്ഡേയെ ആദരിക്കാന്‍ ഭാരതസര്‍ക്കാര്‍ തപാല്‍സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.

Related Articles

Latest Articles