Monday, September 28, 2026

ടി.ജി.മോഹൻദാസിനെതിരായ പോലീസ് നടപടിയിൽ ശക്തമായ പ്രതിഷേധം, ‘ഇരട്ട നീതി’യെന്ന് വിഎച്ച്പി, അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതമെന്ന് ഹിന്ദുഐക്യവേദി, വിവേചനപരമെന്ന് ബിജെപി, വി.ഡി. സർക്കാരിനെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: ടി.ജി. മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധം. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് പോലീസിന്റെ നടപടിയെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ ആരോപിച്ചു. ഭരണകൂടം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇരട്ടനീതി നടപ്പാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. പോലീസ് നടപടി അപലപനീയമാണെന്നും അദ്ദേഹം പ്രതികരിച്ചു.. പ്രധാനമന്ത്രിയെ വധിക്കണമെന്ന് പറഞ്ഞവർക്കെതിരെ പോലും കേസെടുക്കാത്ത സർക്കാരാണിതെന്നും ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പ്രസ്താവനകൾ നടത്തിയ പലർക്കുമെതിരെ പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്നും അനിൽ വിളയിൽ വിമർശിച്ചു. എന്നാൽ, ടി.ജി. മോഹൻദാസിനെ തീവ്രവാദികളെപ്പോലെ കൈകാര്യം ചെയ്ത് കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മോഹൻദാസിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബുവും പ്രതികരിച്ചു. ഒരു പൗരന് ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള നേരിട്ടുള്ള കടന്നുകയറ്റമാണ് പോലീസ് നടപടിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കേസെടുക്കാൻ പോലും കഴിയാത്ത ഒരു അഭിപ്രായപ്രകടനത്തിന്റെ പേരിൽ പോലീസ് എന്തിനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കണം എന്ന ആവശ്യവും ആർ.വി. ബാബു ഉന്നയിച്ചു. കുറ്റം തെളിയിക്കപ്പെടാത്ത സാഹചര്യത്തിൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.

ചില സംഘടിത മതവിഭാഗങ്ങളുടെ കൈയടി നേടുന്നതിനായാണ് ഭരണകൂടം ഇത്തരം നടപടികളിലേക്ക് നീങ്ങുന്നതെന്നും ആർ.വി. ബാബു കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയവരും പ്രധാനമന്ത്രിയുടെ മാതാവിനെ ഉൾപ്പെടെ അധിക്ഷേപിച്ചവരും സ്വതന്ത്രമായി നടക്കുമ്പോൾ, മോഹൻദാസിനെ മാത്രം ലക്ഷ്യമിട്ട് പോലീസ് നടപടി സ്വീകരിക്കുന്നത് വ്യക്തമായ ഇരട്ടനീതിയുടെ ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു.

“ഇത് ടി.ജി. മോഹൻദാസിന്റെ മാത്രം വിഷയമല്ല. രാജ്യതാൽപര്യത്തെക്കുറിച്ച് സംസാരിക്കുകയും ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നവരുടെ ശബ്ദം നിശബ്ദമാക്കാനുള്ള നീക്കമാണിത്” എന്നാണ് ആർ.വി. ബാബുവിന്റെ ആരോപണം. സംഭവത്തിൽ എല്ലാ വിഭാഗങ്ങളിൽനിന്നും ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി.ജി. മോഹൻദാസിനെതിരായ പോലീസ് നടപടിയെ ഹിന്ദുഐക്യവേദി ശക്തമായി അപലപിക്കുന്നതായും ആർ.വി. ബാബു വ്യക്തമാക്കി.

ടി.ജി. മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടി വിവേചനപരവും അപലപനീയവുമാണെന്ന് ബിജെപി. അവധി ദിവസം നോക്കി മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത് ദുരുദ്ദേശപരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ആരോപിച്ചു.

സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകളിൽ നിന്നും തീരദേശ മേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ടി.ജി. മോഹൻദാസിനെതിരായ നടപടിയെന്നും എസ്. സുരേഷ് ആരോപിച്ചു. കേരളത്തിലെ മതമൗലികവാദികളുടെ കയ്യടി നേടുന്നതിനുവേണ്ടിയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഇത്തരമൊരു നീക്കം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ടി.ജി. മോഹൻദാസ് നടത്തിയ പരാമർശങ്ങൾ സ്വാഗതാർഹമല്ലെന്ന നിലപാട് വ്യക്തമാക്കിയ ബിജെപി, എന്നാൽ സമാനമായോ അതിലും ഗുരുതരമായോ പരാമർശങ്ങൾ നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ സർക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെടിവെച്ച് കൊല്ലുമെന്ന് ഉൾപ്പെടെ ഭീഷണി മുഴക്കിയ നിരവധി പേർ കേരളത്തിൽ നിയമനടപടികളിൽ നിന്ന് രക്ഷപ്പെട്ട് നടക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. ഇത്തരക്കാർക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും, പ്രധാനമന്ത്രിക്കെതിരായ വധഭീഷണികളിൽ പോലും സർക്കാർ മൗനം പാലിക്കുകയാണെന്നും എസ്. സുരേഷ് ആരോപിച്ചു.

അതേസമയം, സംസ്ഥാനത്തെ തീരദേശ മേഖലയിലെ വിഷയങ്ങളിലും സർക്കാർ പരാജയപ്പെടുകയാണെന്ന് ബിജെപി ആരോപിച്ചു. ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്. സുരേഷ് രംഗത്തെത്തി. മുതലപ്പൊഴിയിലും നീണ്ടകരയിലും മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായ സംഭവങ്ങളിൽ കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി ഭരിക്കുന്ന പഞ്ചായത്താണെന്ന ഒറ്റക്കാരണത്താൽ മണ്ണിടിച്ചിലിലും പ്രളയത്തിലും മരിച്ചവരുടെ ബന്ധുക്കളെ കാണാതെ മന്ത്രിമാർ മടങ്ങുന്നത് ഗുരുതരമായ വിഷയമാണെന്നും എസ്. സുരേഷ് കുറ്റപ്പെടുത്തി. ദുരന്തബാധിതരുടെ വേദനയ്ക്ക് മുന്നിൽ പോലും രാഷ്ട്രീയ വിവേചനം കാണിക്കുന്ന സാഹചര്യമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം, വി.ഡി. സവർക്കർ തുടങ്ങിയ വിഷയങ്ങളിൽ ലീഗ് നേതൃത്വം അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത് മതവർഗീയതയെ പ്രോത്സാഹിപ്പിക്കാനാണെന്നും ബിജെപി ആരോപിച്ചു.

ടി.ജി. മോഹൻദാസിനെതിരായ പോലീസ് നടപടി ഒരു വ്യക്തിക്കെതിരായ നടപടി മാത്രമല്ലെന്നും, രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് നിയമം പ്രയോഗിക്കുന്നതിന്റെ ഉദാഹരണമാണെന്നുമാണ് ബിജെപിയുടെ ആരോപണം. അതേസമയം,സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി ബിജെപിയും രംഗത്തെത്തിയതോടെ വിഷയത്തിൽ രാഷ്ട്രീയ പോര് കൂടുതൽ ശക്തമാകുമെന്നാണ് സൂചന. കൂടാതെ കൂടുതൽ രാഷ്‌ട്രീയ-സംഘടനാ പ്രതികരണങ്ങൾക്കും സാധ്യതയുണ്ട്.

Related Articles

Latest Articles