അലനല്ലൂർ: കച്ചേരിപ്പറമ്പ് മേഖലയില്‍ കാട്ടാനശല്യവും രൂക്ഷമാവുന്നു. തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. താളിയില്‍ ഇപ്പു, അബ്ദുകുട്ടി എന്നിവരുടെ കായ്ഫലമുള്ള നിരവധി തെങ്ങുകളാണ് ഒറ്റരാത്രി കൊണ്ട് കാട്ടാന നശിപ്പിച്ചത്. പിലാച്ചുള്ളി പാടത്ത് ശനിയാഴ്ച രാത്രിയിലാണ് കാട്ടാനയിറങ്ങിയത്. വലിയ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. കൃഷിനാശമുണ്ടായ സ്ഥലം മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് സന്ദര്‍ശിച്ചു.
ഒരാഴ്ച മുമ്പും പിലാച്ചുള്ളി പാടത്തെത്തിയ കാട്ടാനക്കൂട്ടം വന്‍തോതില്‍ കൃഷി നശിപ്പിച്ചിരുന്നു. സൈലന്റ് വാലി വനമേഖലയില്‍ നിന്നെത്തിയ കുട്ടിയാനകള്‍ ഉള്‍പ്പെട്ട ഇരുപതംഗ സംഘം മേഖലയില്‍ ഭീതി പരത്തിയിരുന്നു. പാണക്കാടന് റിസര്‍വ് വനത്തില്‍ തമ്പടിച്ചിരുന്ന ഇവയെ വനപാലകര്‍ കാട്ടിലേക്ക് തുരത്തുകയായിരുന്നു.

