Monday, May 6, 2024
spot_img

ഫ്രഞ്ച് ഓപ്പൺ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്, കിരീട നേട്ടത്തിൽ റാഫേല്‍ നദാലിനെ മറികടന്നു

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെർബിയയുടെ നൊവാക് ജോക്കോവിച്ചിന്. ഫൈനലിൽ നോര്‍വേ താരം കാസ്പര്‍ റൂഡിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കിരീടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്റെ വിജയം. സ്‌കോര്‍: 7-6, 6-3, 7-5

കിരീട നേട്ടത്തോടെ ഏറ്റവും കൂടുതല്‍ സിംഗിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന പുരുഷതാരമെന്ന നേട്ടവും ജോക്കോവിച്ച് സ്വന്തമാക്കി. 22 ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ സ്പാനിഷ് ഇതിഹാസ താരം റാഫേല്‍ നദാലിനെയാണ് ജോക്കോവിച്ച് പിന്തള്ളിയത്.

റോളണ്ട് ഗാരോസിൽ വച്ച് നടന്നഫൈനലിൽ ആദ്യസെറ്റിൽ കാസ്പര്‍ റൂഡ് 3-0 ന് മുന്നിട്ടു നിന്നിരുന്നു. പക്ഷേ ശക്തമായി തിരിച്ചു വന്ന ജോക്കോവിച്ച് സ്‌കോര്‍ 4-4 ആക്കി. പിന്നീട് ഇരുവരും വിട്ടുകൊടുക്കാതെ പോരാടിയതോടെ ആദ്യ സെറ്റ് തന്നെ ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറില്‍ പക്ഷേ റൂഡിന് പിഴച്ചു. ആധികാരിക പ്രകടനത്തോടെ 7-1ന് ടൈബ്രേക്കര്‍ വിജയിച്ച് ജോക്കോവിച്ച് ആദ്യ സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റിന്റെ ആരംഭത്തില്‍ 3-0 ന് ജോക്കോവിച്ച് മുന്നിട്ടുനിന്നു. 6-3 നാണ് ജോക്കോവിച്ച് സെറ്റ് സ്വന്തമാക്കിയത്. മൂന്നാം സെറ്റിലും മികവ് തുടർന്ന ജോക്കോവിച്ച് 7-5 ന് മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കി.

ജോക്കോവിച്ചിന്റെ കരിയറിലെ മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. നേരത്തേ 2016, 2021 വര്‍ഷങ്ങളിലാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടത്. പത്ത് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ താരം ഏഴ് തവണ വിംബിള്‍ഡണിലും മൂന്ന് തവണ യുഎസ് ഓപ്പണിലും മുത്തമിട്ടിട്ടുണ്ട്.

Related Articles

Latest Articles