Saturday, January 10, 2026

‘യുദ്ധമേഖലയില്‍ ഉള്ളവര്‍ ആശങ്കയില്‍; യുക്രൈനില്‍നിന്ന് ഇന്ത്യക്കാരെ ഉടൻ തിരിച്ചെത്തിക്കും; നടപടികള്‍ ആരംഭിച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

ദില്ലി: യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഉടന്‍ തിരികെ എത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.

വിദ്യാര്‍ഥികളുള്‍പ്പെടെ 18,000 ഇന്ത്യക്കാരാണ് യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നതെന്നും തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം ആസൂത്രണം ചെയ്യുന്നുവെന്നും യുദ്ധ ഭീഷണി ഉയര്‍ന്നപ്പോള്‍ തന്നെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ച് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തിയെന്നും എന്നാല്‍ വ്യോമപാത അടച്ച സാഹചര്യത്തില്‍ വിമാനമാര്‍ഗം തിരിച്ചെത്തിക്കാന്‍ കഴിയില്ല എന്ന സ്ഥിതിയുണ്ടായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മടങ്ങി വരാന്‍ താല്പര്യമുള്ള എല്ലാവരേയും തിരികെ എത്തിക്കാന്‍ ബദല്‍ മാര്‍ഗം തേടുന്നുവെന്നും എന്നാല്‍ അക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പരിമിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല ഇന്ത്യന്‍ എംബസിയെ സഹായിക്കാന്‍ കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കാന്‍ തീരുമാനിച്ചുവെന്നും. ഇന്ത്യക്കാരെ രക്ഷിക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെന്നും ഇപ്പോള്‍ യുദ്ധ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുമായി സംസാരിച്ചുവെന്നും അവര്‍ക്ക് ആശങ്കയുണ്ടെന്നും എന്നാല്‍ മറ്റിടങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നങ്ങളില്ലെന്ന് അറിയാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വിദ്യാര്‍ഥികള്‍ക്കും കുടുങ്ങിക്കിടക്കുന്നവര്‍ക്കും ബന്ധപ്പെടുവാനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെടാന്‍ കൂടുതല്‍ ഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. പരിഭ്രമത്തിന്റെ ആവശ്യം ഇല്ലെന്നും ഇറാഖില്‍ നിന്നുള്‍പ്പെടെ യുദ്ധ സാഹചര്യത്തില്‍ ആളുകളെ തിരികെ എത്തിച്ച പരിചയമുണ്ട് ഇന്ത്യന്‍ നയതന്ത്ര മേഖലയ്‌ക്കെന്ന് മുരളീധരന്‍ പറഞ്ഞു. കൂടാതെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിലെ വിവരം അനുസരിച്ച് 2300ല്‍ അധികം മലയാളികളാണ് യുക്രൈനിലുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.

Related Articles

Latest Articles