Sunday, May 19, 2024
spot_img

ആവർത്തിക്കുമോ 2015 ? ദുരിത പെയ്ത്തിൽ നടുങ്ങി ചെന്നൈ ! തീരദേശ ജില്ലകളില്‍ തയ്യാറാക്കിയിരിക്കുന്നത് 5,000 ദുരിതാശ്വാസ ക്യാമ്പുകൾ

ചെന്നൈ : മിഗ് ജൗമ് ചുഴലിക്കാറ്റ് നാളെ കരതൊടാനിരിക്കെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. 2015 ലെ പ്രളയത്തിന് സമാനമായുള്ള ദൃശ്യങ്ങളാണ് ചെന്നൈ നഗരത്തിലുടനീളം കാണാനാകുന്നത്. നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ വെള്ളത്തിലൂടെ ഒഴുകി പോകുന്ന ദൃശ്യങ്ങള്‍ എക്‌സ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിന്റെ റണ്‍വേയിൽ വെള്ളം കയറി. വിമാനത്താവളം രാത്രി 11 മണിവരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ രണ്ടുമണിക്കൂര്‍ നേരത്തേക്കായിരുന്നു അടച്ചിട്ടത്. 24 മണിക്കൂറിനിടെ 196 മില്ലീമീറ്റര്‍ മഴയാണ് മീനമ്പാക്കത്ത് മാത്രം പെയ്തത്. നുങ്കമ്പാക്കത്ത് ഇത് 154.3 മില്ലീമീറ്ററാണ്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരവരെയുള്ള കണക്കാണ് ഇത്.

തമിഴ്‌നാടിന്റെ തീരദേശ ജില്ലകളില്‍ 5,000 ദുരിതാശ്വാസ ക്യാമ്പുകൾ ഇതിനോടകം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, തിരുവള്ളൂര്‍, കടലൂര്‍, ചെങ്കല്‍പേട്ട എന്നിവിടങ്ങളിലായി സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ ഒമ്പതും ദേശീയ ദുരന്ത പ്രതികരണ സേനയുടെ എട്ടും സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

കനത്ത മഴ തുടരുന്ന ഇടങ്ങളില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സികള്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി പ്രവര്‍ത്തിച്ചുവരികയാണെന്ന് ഗവര്‍ണര്‍ ആ.എന്‍. രവി അറിയിച്ചു. സാഹചര്യം സര്‍ക്കാർ നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങള്‍ സുരക്ഷിതമായി അവരുടെ വീട്ടില്‍തന്നെ കഴിയണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Related Articles

Latest Articles