Friday, November 13, 2026

കെജ്‌രിവാൾ പുറത്തിറങ്ങുമോ ? ദില്ലി മുഖ്യമന്ത്രിയുടെ ജാമ്യഹ‌ർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യഹ‌ർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ദില്ലി മദ്യനയ കേസുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് കെജ്‌രിവാൾ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഇ ഡി കേസിൽ നേരത്തെ തന്നെ ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രിക്ക് ഇന്ന് സിബിഐ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ തിഹാർ ജയിലിൽ നിന്നും പുറത്തിറങ്ങാനാകും. ജൂൺ 26 നാണ് ഇ ഡി കസ്റ്റഡിയിലിരിക്കെ കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. മദ്യനയ കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയക്കും കെ കവിതയ്ക്കും അടുത്തിടെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

വിവാദമായ ദില്ലിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റർ ചെയ്ത കേസിലാണ് കെജ്‌രിവാളിന്‍റെ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ആഗസ്റ്റ് 23 ന് കേസിൽ വാദം കേട്ട കോടതി തുടർ നടപടികൾ ഇന്നത്തേക്ക് മാറ്റിയിരുന്നു. കെജ്‌രിവാളിന്‍റെ വാദങ്ങൾക്കെതിരായ സത്യവാങ്മൂലം സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീ. സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇ ഡി കേസിൽ സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നതിനാൽ പ്രതിപക്ഷ പാർട്ടികളും എ എ പി നേതൃത്വവും കെജ്‌രിവാളിന് അനുകൂലമായ ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

Related Articles

Latest Articles