കാബൂൾ : അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമത്താവളം തിരിച്ചുപിടിക്കാനുള്ള അമേരിക്കയുടെ നീക്കങ്ങൾക്കെതിരെ താലിബാൻ ഭരണകൂടം രംഗത്ത്. അമേരിക്ക ആക്രമണത്തിന് ശ്രമിച്ചാൽ അതിനെ സൈനികമായി നേരിടാൻ പൂർണ്ണ സജ്ജമാണെന്ന് താലിബാൻ ഉന്നതതല നേതൃയോഗം പ്രഖ്യാപിച്ചു. അതോടൊപ്പം, അമേരിക്കയുടെ നീക്കങ്ങൾക്ക് പാകിസ്ഥാൻ സഹായം നൽകിയാൽ പാകിസ്ഥാനെ ശത്രുരാജ്യമായി കണക്കാക്കുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി.
അഫ്ഗാനിസ്ഥാനിൽ നിന്ന് പൂർണ്ണ സൈനിക പിന്മാറ്റം പ്രഖ്യാപിച്ചതിന് ശേഷം ബാഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം തിരികെ ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. താലിബാൻ വഴങ്ങിയില്ലെങ്കിൽ ‘മോശം കാര്യങ്ങൾ’ സംഭവിക്കുമെന്നും ട്രമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടിയായാണ് താലിബാന്റെ ഈ കടുത്ത നിലപാട്.
താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അഖുൻസാദയുടെ അധ്യക്ഷതയിൽ കാണ്ടഹാറിൽ നടന്ന രഹസ്യ യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ എടുത്തത്. മുതിർന്ന മന്ത്രിമാർ, രഹസ്യാന്വേഷണ വിഭാഗം മേധാവികൾ, സൈനിക കമാൻഡർമാർ, പണ്ഡിതന്മാരുടെ കൗൺസിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ട്രംപിന്റെ പ്രസ്താവനകളും അമേരിക്കയുടെ സാധ്യതയുള്ള സൈനിക നീക്കങ്ങളും യോഗം വിശദമായി ചർച്ച ചെയ്തു.
ബാഗ്രാം വ്യോമതാവളം അമേരിക്കൻ സൈന്യത്തിന് കൈമാറുന്നതിനെ താലിബാൻ നേതൃത്വം ഒറ്റക്കെട്ടായി തള്ളിക്കളഞ്ഞു. ആക്രമിക്കപ്പെട്ടാൽ യുദ്ധത്തിന് പൂർണ്ണ സജ്ജരാണെന്ന് അവർ പ്രഖ്യാപിച്ചു. ഈ യോഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം പാകിസ്ഥാനുള്ള ശക്തമായ മുന്നറിയിപ്പാണ്. അമേരിക്കയുടെ നീക്കങ്ങൾക്ക് സൈനികമായോ, നയതന്ത്രപരമായോ, അല്ലെങ്കിൽ മറ്റ് ലോജിസ്റ്റിക് സഹായങ്ങൾ നൽകിയാൽ പാകിസ്ഥാനെ ശത്രുരാജ്യമായി കണക്കാക്കുമെന്ന് താലിബാൻ വൃത്തങ്ങൾ അറിയിച്ചു.
താലിബാന്റെ ഈ നിലപാട് പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ട്രമ്പ് ഭരണകൂടവുമായി ഉന്നതതല നയതന്ത്ര ചർച്ചകൾക്ക് പാകിസ്ഥാൻ ഒരുങ്ങുന്നതിനിടെയാണ് ഈ നീക്കം.
അമേരിക്കൻ ഭീഷണിയെ നേരിടുന്നതിനായി, താലിബാൻ പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസ്സൻ അഖുന്ദ്, വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി എന്നിവരെ ആഗോള, പ്രാദേശിക ശക്തികളുമായി അടിയന്തരമായി ബന്ധപ്പെടാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. റഷ്യ, ചൈന, ഇറാൻ, ഖത്തർ, യുഎഇ, സൗദി അറേബ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി താലിബാന്റെ നിലപാട് അറിയിക്കാനും അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഏതൊരു നീക്കത്തിനും എതിരെ മുന്നറിയിപ്പ് നൽകാനും അവർ ശ്രമിക്കും.
നേരത്തെ ദോഹ കരാർ അനുസരിച്ച്, അമേരിക്ക അഫ്ഗാനിസ്ഥാന്റെ അതിർത്തിപരമായോ രാഷ്ട്രീയപരമായോ ഇടപെടില്ലെന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും, ഈ വാഗ്ദാനങ്ങൾ പാലിക്കാൻ അമേരിക്ക ബാധ്യസ്ഥരാണെന്നും അഫ്ഗാൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചിരുന്നു.
ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി, വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി “അഫ്ഗാനിസ്ഥാന്റെ ഒരിഞ്ച് ഭൂമി പോലും അമേരിക്കക്കാർക്ക് വിട്ടുകൊടുക്കില്ല” എന്ന് ഉറപ്പിച്ചു പറഞ്ഞു. ബാഗ്രാം വിട്ടുകൊടുക്കാൻ വിസമ്മതിച്ചതും, പുതിയ യുദ്ധത്തിന് ഭീഷണി മുഴക്കിയതും, പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയതും ഈ മേഖലയിൽ അതിവേഗം വർദ്ധിച്ചുവരുന്ന സംഘർഷത്തിന്റെ സൂചന നൽകുന്നു.
ചൈനയുമായുള്ള തന്ത്രപ്രധാനമായ സ്ഥാനത്താണ് ബാഗ്രാം വ്യോമതാവളം എന്നതിനാൽ ട്രമ്പ് നേരത്തെയും ഇതിനെക്കുറിച്ച് പരാമർശിച്ചിരുന്നു. എന്നാൽ ബ്രിട്ടൻ സന്ദർശിക്കുന്നതിനിടെയാണ് അദ്ദേഹം ഈ വിഷയം പരസ്യമായി ഉന്നയിച്ചത്. വ്യോമതാവളം തിരിച്ചുപിടിക്കുന്നതിനായി അമേരിക്കൻ സൈന്യത്തെ അയക്കുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കാനില്ല, പക്ഷേ ഞങ്ങൾ അഫ്ഗാനിസ്ഥാനുമായി സംസാരിക്കുന്നുണ്ട്. അത് എത്രയും പെട്ടെന്ന് തിരികെ കിട്ടണം. അല്ലാത്തപക്ഷം ഞാൻ എന്ത് ചെയ്യുമെന്ന് നിങ്ങൾ പിന്നീട് അറിയും” എന്നായിരുന്നു ട്രമ്പിന്റെ മറുപടി.
കാബൂളിന് വടക്കായി സ്ഥിതിചെയ്യുന്ന ബാഗ്രാം, അഫ്ഗാനിസ്ഥാനിലെ 20 വർഷം നീണ്ട അമേരിക്കൻ സൈനിക പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു. 1950-കളുടെ തുടക്കത്തിൽ സോവിയറ്റ് യൂണിയന്റെ സഹായത്തോടെ നിർമ്മിച്ച ഈ വ്യോമതാവളം, പിന്നീട് ശീതയുദ്ധകാലത്ത് അമേരിക്കൻ സഹായത്തോടെ വികസിപ്പിച്ചു. സോവിയറ്റ് യൂണിയൻ അഫ്‌ഗാനിസ്ഥാൻ കീഴടക്കിയപ്പോഴും അവർ ഇതിനെ കൂടുതൽ മെച്ചപ്പെടുത്തി. അമേരിക്കൻ നിയന്ത്രണത്തിലായിരുന്ന 2010 കാലഘട്ടത്തിൽ ഇത് ഒരു ചെറിയ പട്ടണത്തിന്റെ വലുപ്പത്തിലേക്ക് വളർന്നിരുന്നു. സൂപ്പർമാർക്കറ്റുകളും ഡയറി ക്വീൻ, ബർഗർ കിംഗ് തുടങ്ങിയ കടകളും ഇവിടെ പ്രവർത്തിച്ചിരുന്നു. ബരാക് ഒബാമ, ഡോണാൾഡ് ട്രമ്പ് തുടങ്ങിയ യുഎസ് പ്രസിഡന്റുമാർ ഈ താവളം സന്ദർശിച്ചിട്ടുണ്ട്. 2021 ജൂലൈയിൽ ജോ ബൈഡന്റെ ഭരണകാലത്താണ് ബാഗ്രാം വ്യോമതാവളത്തിൽ നിന്ന് അമേരിക്കൻ , നാറ്റോ സേനകൾ പിൻവാങ്ങിയത്. ഈ പിന്മാറ്റം അഫ്ഗാൻ സൈന്യത്തിന്റെ തകർച്ചയ്ക്കും താലിബാന്റെ തിരിച്ചുവരവിനും കാരണമായി.

