Sunday, May 19, 2024
spot_img

അന്താരാഷ്ട്ര സമൂഹം ചോദിക്കുന്നു; പാകിസ്താനിലെ ഹിന്ദുക്കള്‍ക്ക് വംശനാശം സംഭവിക്കുമോ?

ദില്ലി: പാകിസ്താനിലെ ഹിന്ദുക്കള്‍ക്ക് വംശനാശം സംഭവിക്കുമോ- ക്വസ്റ്റ്യന്‍ മാര്‍ക്ക്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ പ്രത്യേകിച്ച് ഹിന്ദുക്കള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്പോള്‍ അന്താരാഷ്ട്രസമൂഹം ചോദിക്കേണ്ട ചോദ്യമാണ് . വിഭജനസമയത്ത് 12.9 ശതമാനം ഉണ്ടായിരുന്ന ഹിന്ദുജനസംഖ്യ 2018ലായപ്പോള്‍ 1.6 ശതമാനം ആയി ചുരുങ്ങി.

മതതീവ്രവാദികളുടെ തുടര്‍ച്ചയായ ആക്രമണത്തില്‍ കൊല്ലപ്പെട്ടും ജനിച്ച നാട്ടില്‍ നിന്ന് ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടും അല്ലെങ്കില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമായും പാകിസ്താനിലെ ഹിന്ദുക്കള്‍ നാമാവശേഷമാവുകയാണ്. കശ്മീരിന് വേണ്ടിയും ന്യൂനപക്ഷഅവകാശങ്ങള്‍ക്ക് വേണ്ടിയും വാതോരാതെ സംസാരിക്കുന്നവരാരും തന്നെ പാകിസ്താനിലെ ന്യൂനപക്ഷ പീഡനം എന്നത് കേട്ടിട്ടുപോലുമില്ലെന്ന് നടിക്കുന്നു.

ഇസ്സാംമത രാഷ്ട്രമായ പാകിസ്താനിലെ മതവികാരം വ്രണപ്പെടുത്തുന്നവര്‍ക്കെതിരെയുള്ള കരിനിയമങ്ങളാണ് ഇന്ന് ന്യൂനപക്ഷങ്ങളുടെ പേടിസ്വപ്നം. ഖുര്‍ആനിനെ അല്ലെങ്കില്‍ അള്ളാഹുവിനെ അപമാനിച്ചുവെന്നൊരു ആരോപണം മാത്രം മതി ഒരാള്‍ ആ രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെടാന്‍. കഴിഞ്ഞ ദിവസം സിന്ധിലെ ഗോട്കിയില്‍ ഒരു ഹിന്ദു സ്കൂള്‍ ഇസ്ലാമിക തീവ്രവാദികള്‍ ആക്രമിച്ച് നശിപ്പിച്ചത് ഇത്തരം ഒരു ആരോപണത്തിന്‍റെ പേരിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു സ്കൂള്‍ കുട്ടിയാണ് ആദ്യം ആരോപിച്ചതെന്നുപോലും ജനക്കൂട്ടം കണക്കിലെടുത്തില്ല. കല്ലും കട്ടയും കന്പിപ്പാരയുമായി അവര്‍ വിദ്യാലയം ആക്രമിക്കുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്നുണ്ടായ ഹിന്ദുവിരുദ്ധ വികാരത്തില്‍ ഗോട്കയില്‍ നിന്നുള്ള നിമ്രിതകുമാരിയെന്ന കോളേജ് വിദ്യാര്‍ത്ഥിനി അവള്‍ പഠിച്ചിരുന്ന ലര്‍ക്കാനയിലെ അസീഫാ മെഡിക്കല്‍ കോളേജിലെ ഹോസ്റ്റലില്‍ കൊല്ലപ്പെട്ടു. പാകിസ്താനില്‍ ഹിന്ദുക്കള്‍ താരതമ്യേന കൂടുതലുള്ള പ്രവിശ്യയാണ് സിന്ധ്,അവിടെ സ്ഥിതി ഇതാണെങ്കില്‍ മറ്റ് പ്രദേശങ്ങളില്‍ തങ്ങള്‍ എങ്ങനെ ജീവിക്കുമെന്നാണ് ഹിന്ദുസമൂഹം ചോദിക്കുന്നത്.

സിന്ധ് പ്രവിശ്യയില്‍ തന്നെ ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി ബലംപ്രയോഗിച്ച് നിക്കാഹ് നടത്തുന്നത് തുടര്‍ക്കഥയാവുകയാണ്. 2011നും 2018നും ഇടയില്‍ 7,430 ഹിന്ദുപെണ്‍കുട്ടികളെ ഇങ്ങനെ തട്ടിക്കൊണ്ടുപോയതായി സിന്ധി ഫൗണ്ടേഷന്‍ എന്ന അന്താരാഷ്ട്ര സംഘടന പറയുന്നു. 17നും 28നും ഇടയില്‍ പ്രായമുള്ള ആയിരത്തോളം പെണ്‍കുട്ടികളെ ഇങ്ങനെ വര്‍ഷം തോറും മതംമാറ്റുന്നതായും ഈ സംഘടന പറയുന്നു. ഹിന്ദുസമൂഹം പാകിസ്താനില്‍ ഇല്ലാതാവുകയാണ്. അതാണ് ഇസ്ലാമിക് മതഭ്രാന്തന്മാരുടെ ലക്ഷ്യവുമെന്നും സംഘടനയുടെ ഭാരവാഹികള്‍ ന്യൂയോര്‍ക്കില്‍ പറഞ്ഞു. പാകിസ്താനിലെ ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സെപ്തംബര്‍ 26ന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ യോഗവും പ്രകടനവും നടത്താന്‍ ഒരുങ്ങുകയാണ് സിന്ധി ഫൗണ്ടേഷന്‍ എന്ന അന്താരാഷ്ട്ര സംഘടന.

അതിനിടെ പാകിസ്താനില്‍ നടക്കുന്ന ന്യൂനപക്ഷ പീഢനം അവസാനിപ്പിക്കണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടിട്ടുണ്ട്.അന്താരാഷ്ട്ര വേദികളില്‍ വരുംദിവസങ്ങളില്‍ ഈ വിഷയം ഉന്നയിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യവകുപ്പ് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഹിന്ദുക്കളെ കൂടാതെ സിഖുകാരും ക്രിസ്ത്യാനികളും മറ്റ് ന്യൂനപക്ഷ വിഭാഗക്കാരും മതഭ്രാന്തന്മാരുടെ ആക്രമണത്തിന് വിധേയരാകുന്നുണ്ട്. അഹമ്മദീയ മുസ്ലീങ്ങളെയും കാഫിറുകളായാണ് പാകിസ്താനികള്‍ കാണുന്നത്. എങ്കിലും അവരുടെ മുഖ്യശത്രു പാകിസ്താനിലെ ഹിന്ദുസമൂഹമാണ്.

Related Articles

Latest Articles