Friday, January 9, 2026

ബിഎംസി തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ ഉദ്ധവ് പക്ഷത്തിന് വൻ തിരിച്ചടി!! മുൻ മേയർ ശുഭ റൗൾ ബിജെപിയിൽ

മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന് കനത്ത തിരിച്ചടി. മുംബൈ മുൻ മേയർ ശുഭ റൗൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിലാണ് അവർ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിഎംസി തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കുന്ന വേളയിൽ മുതിർന്ന നേതാവായ ശുഭ റൗളിന്റെ കൂടുമാറ്റം താക്കറെ ക്യാമ്പിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ശിവസേന (യുബിടി) അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെയും സംയുക്തമായി പ്രകടനപത്രിക പുറത്തിറക്കിയ അതേ ദിവസമാണ് ശുഭ റൗളിന്റെ പാർട്ടി മാറ്റം. താക്കറെ സഹോദരന്മാരുടെ സഖ്യം തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനിടെ സ്വന്തം പാളയത്തിലെ പ്രമുഖ നേതാവ് എതിർപക്ഷത്തേക്ക് പോയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

മുംബൈ നഗരസഭയിലെ ഭരണത്തെ സ്വാധീനിക്കാൻ ശേഷിയുള്ള നേതാവാണ് ശുഭ റൗൾ. ജനുവരി 15-നാണ് ബിഎംസി ഉൾപ്പെടെ മഹാരാഷ്ട്രയിലെ 28 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന് ഇനി വെറും പത്തു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഒരു മുൻ മേയർ തന്നെ പാർട്ടി വിടുന്നത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മുംബൈ പിടിക്കാൻ കഠിനശ്രമം നടത്തുന്ന ബിജെപിക്ക് ശുഭ റൗളിന്റെ വരവ് വലിയ ആത്മവിശ്വാസം നൽകുന്നതാണ്.

Related Articles

Latest Articles