സംസ്ഥാനത്ത് ചൂട് കടുക്കുന്നതിനിടെ പുതിയ വില്ലനായി അൾട്രാവയലറ്റ് (UV) രശ്മികളും. പത്തനംതിട്ടയിലെ കോന്നി, ഇടുക്കിയിലെ മൂന്നാർ എന്നിവിടങ്ങളിൽ യുവി രശ്മികളുടെ അളവ് അപകടകരമായ നിലയിലെത്തിയതോടെ ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അന്തരീക്ഷത്തിലെ യുവി സൂചിക 8 മുതൽ 10 വരെ ഉയരുന്നത്. ചർമ്മത്തിനും കണ്ണുകൾക്കും മാരകമായ ദോഷമുണ്ടാക്കും.
മൂന്നാറിനും കോന്നിക്കും പുറമെ കൊട്ടാരക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കളമശ്ശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി എന്നീ പത്തിടങ്ങളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. മലയോര മേഖലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും വെയിലിന്റെ തീവ്രത കൂടാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ ആവശ്യമാണ്.വെയിൽ നേരിട്ട് ഏൽക്കുന്നത് ചർമ്മത്തിൽ പൊള്ളലുണ്ടാക്കാനും ദീർഘകാലാടിസ്ഥാനത്തിൽ ഡിഎൻഎ ഘടനയെ ബാധിച്ചു ചർമ്മത്തിലെ അർബുദത്തിന് വരെ കാരണമാകാനും ഇടയാക്കും.
സൂര്യരശ്മികൾ ഏറ്റവും മാരകമാകുന്ന രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക. കണ്ണുകളുടെ സുരക്ഷയ്ക്ക് സൺഗ്ലാസുകൾ ഉപയോഗിക്കാം. ശരീരം പൂർണ്ണമായും മറയുന്ന രീതിയിലുള്ള അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ഭക്ഷണത്തിൽ പഴവർഗ്ഗങ്ങളും ജ്യൂസുകളും ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും.
ഉയർന്ന പ്രദേശങ്ങളിൽ അന്തരീക്ഷ സാന്ദ്രത കുറവായതിനാൽ യുവി രശ്മികൾ കൂടുതൽ ശക്തമായിരിക്കും. അതിനാൽ മൂന്നാർ പോലുള്ള സ്ഥലങ്ങളിൽ പകൽ സമയത്തെ ട്രെക്കിംഗും പുറംകാഴ്ചകളും ഒഴിവാക്കണമെന്ന് ടൂറിസം വകുപ്പ് നിർദ്ദേശിക്കുന്നു.കെട്ടിട നിർമ്മാണ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ഇരുചക്ര വാഹന യാത്രക്കാർ എന്നിവർക്ക് വെയിൽ കൂടുതൽ ഭീഷണിയുയർത്തുന്നുണ്ട്. കടുത്ത തലകറക്കമോ ചർമ്മത്തിൽ മാറ്റങ്ങളോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ തേടുക.

