Friday, May 3, 2024
spot_img

കോഴിക്കോട് നടുറോഡിൽ യുവതിക്ക് ഭർത്താവിന്റെ മര്‍ദ്ദനം: ആസിഡൊഴിക്കുമെന്നും കത്തിക്കുമെന്നും ഭീഷണി; പുറത്തുവരുന്നത് പോലീസിന്റെ അനാസ്ഥ

കോഴിക്കോട്: നടുറോഡില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനമേറ്റ സംഭവത്തിൽ പുറത്തുവരുന്നത് പോലീസിന്റെ അനാസ്ഥ. അശോകപുരത്ത് മീന്‍കട നടത്തുന്ന ശ്യാമിലിയെയാണ് ഭർത്താവ് നിധീഷ് നടുറോഡിലിട്ട് മർദിച്ചത്. വെള്ളിയാഴ്ച്ച വൈകീട്ടാണ് സംഭവം നടന്നത്. മീന്‍വിറ്റ പണം ചോദിച്ചിട്ട് നല്‍കാത്തതിനെ തുടർന്ന് വൈകിട്ട് നിധീഷ് ശ്യാമിലിയെ മർദിക്കുന്നതിനിടെ ബന്ധുവാണ് ദൃശ്യങ്ങൾ മൊബൈലില്‍ പകർത്തിയത്.

ശ്യാമിലിയുടെ കടയും വാഹനവും തല്ലിപൊളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മർദനത്തില്‍ മൂക്കിനും ചെവിക്കുമാണ് ശ്യാമിലിക്ക് മുറിവേറ്റത്. യുവതിയെ ആസിഡൊഴിക്കുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഏറെക്കാലമായി ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം അനുഭവിക്കുന്നതായി യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഭർത്താവ് തന്റെ മീന്‍തട്ട് തട്ടിത്തെറിപ്പിച്ചതായും കരിങ്കല്ലെടുത്ത് തന്‍റെ നേരെ എറിഞ്ഞതായും കഴുത്തിന് പിടിച്ച് മുഖത്ത് അടിക്കുകയും ചെയ്തതായി യുവതി പറയുന്നു.

അശോകപുരത്ത് റോഡരികില്‍ മീന്‍ വിറ്റുകിട്ടുന്ന പണംകൊണ്ടാണ് ശ്യാമിലിയും മൂന്ന് കുട്ടികളും ജീവിക്കുന്നത്. ഭര്‍ത്താവിനെതിരെ നേരത്തെയും നടക്കാവ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. പരാതികളിലൊന്നും തെളിവില്ലെന്ന കാരണം പറഞ്ഞ് ഇതുവരെയും പോലീസ് നടപടിയെടുത്തില്ലെന്ന് ശ്യാമിലി പറയുന്നു. പിന്നീട് കഴിഞ്ഞമാസം 14 ന് സ്റ്റേഷനില്‍ ഒരു പരാതി നല്‍കിയിരുന്നതായും എന്നാൽ കഴിഞ്ഞ ദിവസം പോയി അന്വേഷിച്ചപ്പോള്‍ പരാതി കാണുന്നില്ലെന്നാണ് പറഞ്ഞതെന്നും ശ്യാമിലി പറഞ്ഞു. അതേസമയം, തന്നെ മര്‍ദിച്ചയാളുടെ പരാതി അവിടെയുണ്ടെന്നും യുവതി പറഞ്ഞു.

മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെ നടുറോഡില്‍ വച്ച്‌ ആക്രമിച്ച കേസില്‍ നിധീഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമമടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇയാൾ വേറെയും കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ നേരത്തെ നല്‍കിയ പരാതികളില്‍ പൊലീസ് നടപടിയെടുത്തില്ലെന്ന് ശ്യാമിലി പറഞ്ഞു.

Related Articles

Latest Articles