ചെന്നൈ: ചെന്നൈയിൽ കഴിഞ്ഞ രാത്രി പെയ്ത മഴയില്‍ പലഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായിരുന്നു. അരയടി വരെ ഉയരത്തില്‍ വെള്ളക്കെട്ടുണ്ടായി. ഇതിനു പിന്നാലെ നടന്‍ വേറിട്ട പ്രതിഷേധവുമായി മന്‍സൂര്‍ അലിഖാൻ. നഗരത്തിലെ വെള്ളക്കെട്ടില്‍ പാട്ടു പാടി തോണി തുഴഞ്ഞാണ് നടന്‍ രംഗത്ത് എത്തിയത്. ബാത്ത്ടബ്ബ് തോണിയാക്കി വീടിന് ചുറ്റും വെള്ളം കയറിയ പ്രദേശത്ത് ഇറക്കി തുഴയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷട്ടിൽ ബാറ്റിൽ തെർമോകോൾ കെട്ടിയാണ് തുഴയുണ്ടാക്കിയിരിക്കുന്നത്.
”ജനിച്ചാൽ തമിഴനായി ജനിക്കണമെന്നും, തമിഴ്നാട്ടില്‍ ജനിക്കുകയാണെങ്കില്‍ ചെന്നൈയില്‍ ജനിക്കണമെന്ന ഇതാണ് വൈഗയാറും കാവേരിയാറും താമരഭരണിയുമെന്നെല്ലാം പാട്ടിൽ പറയുന്നുണ്ട്. തമിഴ് സിനിമാ പാട്ടു പാടിയായിരുന്നു പ്രതിഷേധം.”
നുങ്കപാക്കത്തെ വീടിനു ചുറ്റും രാത്രിമഴയില്‍ വെള്ളം നിറഞ്ഞതാണ് നടനെ സമരത്തിനു പ്രേരിപ്പിച്ചത്. തുടർന്ന് പ്രയാസകരമായ സാഹചര്യം എടുത്തു കാണിക്കുന്നതാണ് നടന്റെ വീഡിയോ. വെള്ളപ്പൊക്കത്തില്‍ മുമ്പും താരം ഇത്തരത്തില്‍ പ്രതിഷേധിച്ചിരുന്നു.
അതേസമയം കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. നഗരത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചിരുന്നു.

