Saturday, January 10, 2026

എലിവിഷം; തക്കാളി ചേർത്ത് നൂഡിൽസ് കഴിച്ച യുവതിക്ക് ദാരുണാന്ത്യം; അപകടമരണത്തിന് കേസെടുത്ത് പോലീസ്

മുംബൈ: എലിവിഷമുള്ള തക്കാളി ചേർത്ത നൂഡിൽസ് കഴിച്ച് യുവതി മരിച്ചു. മലാഡിലെ പാസ്കൽ വാഡിയിലാണ് സംഭവം . എലിവിഷം കലർത്തിയ തക്കാളി മാഗിയിൽ ചേർത്തതാണ് അപകടത്തിന് കാരണമെന്ന് ഡോക്ടർമാർ പറയുന്നു. രേഖ നിഷാദ്(27) എന്ന യുവതിയാണ് മരിച്ചത്.

വീട്ടിൽ എലിശല്ല്യം രൂക്ഷമായതോടെ ജൂലൈ 21ന് എലികളെ കൊല്ലാനായി തക്കാളിയിൽ വിഷം ചേർത്തിരുന്നു. പിറ്റേന്ന് നൂഡിൽസ് ഉണ്ടാക്കവേ അബദ്ധത്തിൽ എലിവിഷമുള്ള തക്കാളി ചേർക്കുകയായിരുന്നുവെന്ന് മാൽവാനി പൊലീസ് സബ് ഇൻസ്പെക്ടർ മൂസ ദേവർഷി വ്യക്തമാക്കി. ടി.വി കണ്ടുകൊണ്ട് ഭക്ഷണം ഉണ്ടാക്കുന്നതിനിടെ ശ്രദ്ധിക്കാത്തതിലാണ് യുവതിക്ക് അബദ്ധം പറ്റിയത്.

മരിച്ച യുവതി ഭർത്താവിനും സഹോദരനും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. മാഗി കഴിച്ച് മണിക്കൂറുകൾ കഴിഞ്ഞതോടെ യുവതി ഛർദ്ദിക്കാൻ തുടങ്ങി. തുടർന്ന് ഭർത്താവും സഹോദരനും ചേർന്നാണ് യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ പൊലീസെത്തി യുവതിയുടെ മൊഴിയെടുത്തു. കേസിൽ ദുരൂഹതയൊന്നുമില്ലെന്നാണ് മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് വ്യക്തമാക്കുന്നത്. അപകടമരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചികിത്സ തുടരുന്നതിനിടെ ബുധനാഴ്ചയാണ് യുവതി മരിച്ചത്.

Related Articles

Latest Articles