Sunday, May 19, 2024
spot_img

സംസ്ഥാനത്ത് തെരുവുനായ്ക്കള്‍ പാഞ്ഞ് നടക്കുന്നു, വയോധികയെ കടിച്ചു കൊന്നു

ഹരിപ്പാട് : തനിച്ചു താമസിക്കുകയായിരുന്ന വയോധിക തെരുവുനായയുടെ കടിയേറ്റു മരിച്ചു. ഹരിപ്പാട് പിലാപ്പുഴ വടേകാട്ട് വീട്ടില്‍ പരേതനായ പരമേശ്വരന്‍ നായരുടെ ഭാര്യ രാജമ്മ (87)യാണു മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം.

രാത്രിയില്‍ രാജമ്മയ്ക്കു കൂട്ടുകിടക്കാറുള്ള അയല്‍ക്കാരി നളിനി വീട്ടിലെത്തി വാതിലില്‍ മുട്ടിയിട്ടും തുറക്കാതിരുന്നതോടെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബോധരഹിതയായ നിലയില്‍ രാജമ്മയെ കണ്ടെത്തിയത്. തലയുടെ പിന്‍ഭാഗത്തും കൈയിലും ആഴത്തില്‍ മുറിവേറ്റിരുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പറമ്പില്‍ കൂട്ടിയിട്ടിരുന്ന കരിയിലയ്ക്കു തീയിടാന്‍ പോയപ്പോള്‍ നായ്ക്കള്‍ ആക്രമിച്ചതാണെന്നു കരുതുന്നു. അയല്‍വീടുകള്‍ അല്‍പ്പമകലെയായതിനാല്‍ ആരും ശബ്ദമൊന്നും കേട്ടിരുന്നില്ല. മരിച്ച രാജമ്മ ആരൂര്‍ എല്‍.പി. സ്‌കൂളിലെ ഹെഡ്മിസ്ട്രസായിരുന്നു.

Related Articles

Latest Articles