Friday, September 25, 2026

വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മലയിന്‍കീഴ് സിഐയ്‌ക്കെതിരെ കേസ്

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിഐയ്‌ക്കെതിരെ കേസ്. മലയിന്‍കീഴ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.വി സൈജുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

2019 മുതല്‍ സിഐ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ഡോക്ടറുടെ പരാതി. കുറച്ച്‌ കാലം വിദേശത്തായിരുന്ന ഡോക്ടര്‍, നാട്ടിലെത്തിയതിന് ശേഷം വാടകയ്‌ക്ക് താമസിച്ചിരുന്ന കടമുറിയുമായി ബന്ധപ്പെട്ട് തർക്കത്തിലേർപ്പെട്ടു. തുടർന്ന് പരിഹാരം കാണുവാനായി സിഐയെ സമീപിച്ചു. അത് പിന്നെ സൗഹൃദമായി വളരുകയും ചെയ്തു. ഒരു ദിവസം ഇയാൾ ഡോക്ടറുടെ വീട്ടിലെത്തി ബലമായി ഉപദ്രവിച്ചു ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.

സിഐ വിവാഹമോചനം നേടാന്‍ ഇരിക്കുകയാണെന്നും, അതിന് ശേഷം ഡോക്ടറെ വിവാഹം ചെയ്യാമെന്നും വാഗ്ദാനം നല്‍കുകയും പിന്നീട് ഡോക്ടറുടെ വീട് ഇയാള്‍ പതിവായി സന്ദര്‍ശിക്കുകയും ചെയ്തു. അതിനിടയില്‍ സിഐയുടെ ഭാര്യ ഇതില്‍ നിന്നും പിന്മാറണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. സിഐയെ കാണരുതെന്ന് വിലക്കുകയും ചെയ്തു. കൂടാതെ, സിഐയുടെ ഭാഗത്ത് നിന്നും ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് വനിതാ ഡോക്ടര്‍ പരാതിയുമായി മുന്നോട്ട് പോയത്.

വനിതാ ഡോക്ടറുടെ പരാതിയില്‍ റൂറല്‍ എസ്പി സിഐയ്‌ക്കെതിരെ കേസെടുത്തു. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. വരും ദിവസങ്ങളില്‍ സിഐയ്‌ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles

Latest Articles