വടകര: ഷാഫി പറമ്പിലിന്റെ വിജയത്തിൽ വോട്ടർമാർക്ക് നന്ദിയർപ്പിക്കാൻ നടത്തുന്ന റോഡ് ഷോയിൽ പങ്കെടുത്ത് ആനന്ദ നൃത്തം ചെയ്യരുതെന്ന് വനിതാ ലീഗ് പ്രവർത്തകർക്ക് മുസ്ലിം ലീഗ് നേതാവ് നൽകിയ നിർദ്ദേശം വിവാദമാകുന്നു. റോഡ് ഷോയിൽ പങ്കെടുത്ത് ആഹ്ളാദം പ്രകടിപ്പിക്കുന്നതിനും നൃത്തം വയ്ക്കുന്നതിനും മതപരമായ വിലക്കുണ്ടെന്നും അതിനാൽ റോഡ് ഷോയിൽ പങ്കെടുക്കേണ്ടെന്നും റോഡരികിൽ നിന്ന് അഭിവാദ്യം അർപ്പിച്ചാൽ മതിയെന്നുമായിരുന്നു നിർദ്ദേശം. ഇതിന്റെ ശബ്ദസന്ദേശം നേരത്തെ പുറത്തായിരുന്നു. മുസ്ലിം ലീഗ് കൂത്തുപറമ്പ ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദിന്റെ ശബ്ദ സന്ദേശമാണ് വിവാദമായത്.
നേരത്തെ വോട്ടെണ്ണൽ ദിവസം വടകര മണ്ഡലത്തിലെ പാനൂരിൽ വനിതാ ലീഗ് പ്രവർത്തകർ വലിയ ആഹ്ളാദ പ്രകടനം നടത്തിയിരുന്നു. ഇതിൽ വനിതാ ലീഗ് പ്രവർത്തകർ നൃത്തംചെയ്തിരുന്നു. ഇതിനെതിരെ തീവ്ര നിലപാടുള്ള മുസ്ലിം സംഘടനകൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഈ വിമർശനങ്ങൾക്ക് വഴങ്ങിയാണ് വനിതാ ലീഗ് നേതാക്കൾക്ക് റോഡ് ഷോയിൽ വനിതാ നേതാക്കൾക്ക് വിലക്കേർപ്പെടുത്തിയത്.

