Monday, April 29, 2024
spot_img

വനിതാ ഫുട്‌ബോൾ ലോകകപ്പ് കൊടിയേറി; ചരിത്ര വിജയവുമായി ന്യൂസീലൻഡ്

ഓക്‌ലന്‍ഡ് : ലോക വനിതാ ലോകകപ്പ് അങ്കത്തിന് ആവേശകരമായ തുടക്കം. ഉദ്‌ഘാടന മത്സരങ്ങളിൽ ആതിഥേയരായ ന്യൂസീലന്‍ഡിനും ഓസ്‌ട്രേലിയക്കും ജയത്തോടെ തുടങ്ങാനായി. ന്യൂസീലന്‍ഡ് എതിരില്ലാത്ത ഒരു ഗോളിന് മുന്‍ ചാമ്പ്യന്‍മാരും ശക്തരുമായ നോര്‍വെയെ മുക്കിയപ്പോൾ ഓസ്‌ട്രേലിയ അയര്‍ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നു.

ലോകകപ്പ് ചരിത്രത്തിലെ തന്നെ തങ്ങളുടെ ആദ്യ ജയമാണ് ന്യൂസീലന്‍ഡ് വനിതകള്‍ ഇന്ന് സ്വന്തമാക്കിയത്. 48-ാം മിനിറ്റില്‍ ഹന്ന വില്‍ക്കിന്‍സണാണ് ന്യൂസീലന്‍ഡിന്റെ ചരിത്ര ഗോള്‍ നേടിയത്.

തിരിച്ചടിക്കാനുള്ള അവസരം 81-ാം മിനിറ്റില്‍ തുവ ഹാന്‍സെന്റെ ഷോട്ട് ക്രോസ്ബാറിലടിച്ച് തുലച്ചതോടെ നോര്‍വെയ്ക്ക് മടങ്ങി വരവ് അസാധ്യമായി. 90-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലീഡുയര്‍ത്താന്‍ ന്യൂസീലന്‍ഡിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും അവിടെയും ക്രോസ് ബാർ വില്ലനായി.

രണ്ടാം മത്സരത്തില്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയന്‍ വനിതകള്‍ ലോകകപ്പിന് തുടക്കമിട്ടത്. പരിക്ക് കാരണം സാം കെര്‍ ഇല്ലാതെയാണ് ഓസ്‌ട്രേലിയ ഇറങ്ങിയത്. 52-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സ്റ്റെഫാനി കാറ്റ്‌ലിയാണ് ഓസ്‌ട്രേലിയക്ക് ജയം സമ്മാനിച്ചത്.

Related Articles

Latest Articles