Friday, May 3, 2024
spot_img

കാലിൽ റൊണാൾഡോയുടെ ടാറ്റൂ; വിശദീകരണവുമായി അർജന്റീന വനിതാ മുന്നേറ്റനിര താരം

ബ്യൂനസ് ഐറിസ് : കായിക താരങ്ങൾ ശരീരത്ത് ടാറ്റു ചെയ്യുന്നത് സാധാരണ സംഭവമാണ്. പ്രത്യേകിച്ചും ഫുട്‍ബോൾ താരങ്ങൾ. ഒരു ഫുട്‍ബോൾ താരത്തെ സംബന്ധിച്ചടുത്തോളം ഏറ്റവും പ്രധാനമാണ് കാലുകൾ. ആയതിനാൽ അവർ കാലുകളിൽ ചെയ്യുന്ന ടാറ്റുകൾ ഏറെ വേഗം ശ്രദ്ധിക്കപ്പെടുകയും വാർത്തയിൽ ഇടം നേടുകയും ചെയ്യും. അർജന്റീന വനിതാ മുന്നേറ്റനിര താരമായ യാമില റോഡ്രിഗസ് തന്റെ കാലിൽ ചെയ്ത ടാറ്റുവാണ് ഇപ്പോൾ സംസാര വിഷയമാകുന്നത്. അർജന്റീന താരമായ യാമില തന്റെ കാലിൽ ഒരു ഫുട്ബോൾ താരത്തിന്റെ ടാറ്റു ചെയ്യുമ്പോൾ സ്വാഭാവികമായും അത് അർജന്റീനയുടെ ഇതിഹാസ താരങ്ങളായ മറഡോണയുടെയോ മെസ്സിയുടെയോ ടാറ്റുവാകും നമ്മൾ പ്രതീക്ഷിക്കുക. എന്നാൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രമാണ് യാമില കാലിൽ ടാറ്റു ചെയ്തത്. ഇടത്തേ കാലിന്റെ മുകൾ ഭാഗത്ത് മറ‍ഡോണയുടെ ചിത്രവും, താഴ്ഭാഗത്ത് മെസ്സിയെ ഒഴിവാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രവുമാണ് യാമില ടാറ്റൂ ചെയ്തിരിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ യാമിലയുടെ ചിത്രങ്ങൾ വൈറലായതോടെ വിശദീകരണവുമായി അർജന്റീന താരം തന്നെ രംഗത്തെത്തി.

‘‘ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നു സംശയമില്ലാതെ പറയാം. അദ്ദേഹത്തിന്റെ കളി കാണുമ്പോള്‍ എങ്ങനെയാണ് ഇത്ര പെർഫെക്ട് ആകുന്നതെന്നാണ് എനിക്കു തോന്നുന്നത്. റൊണാൾ‍ഡോ ചെയ്യുന്ന കാര്യങ്ങളെല്ലാം അദ്ഭുതം ഉണ്ടാക്കുന്നതാണ്. ഈ ടാറ്റൂവിലൂടെ ക്രിസ്റ്റ്യാനോ എപ്പോഴും എനിക്കൊപ്പമുണ്ടാകും.’’– യാമില പറഞ്ഞു.

പൈറേറ്റ്സ് ഓഫ് കരീബിയൻ എന്ന സിനിമയിലെ ക്യാപ്റ്റൻ ജാക്ക് സ്പാരോയുടെ ചിത്രവും അർജന്റീന താരം ടാറ്റൂ ചെയ്തിട്ടുണ്ട്. ബ്രസീലിയൻ ലീഗിൽ എസ്ഇ പാൽമെരാസിലാണ് താരം ഇപ്പോൾ കളിക്കുന്നത്.

Related Articles

Latest Articles