കൊച്ചി: സംസ്ഥാനത്ത് പ്രതിസന്ധികൾ നേരിടുന്ന ഒരു മേഖലയാണ് ക്വാറി, ക്രഷര്‍ മേഖല.ഒരുപാട് പ്രതിസന്ധികളിലൂടെയാണ് തൊഴിലാളികൾ കടന്ന് പോകുന്നത്. അധികാരികൾക്കും സർക്കാരിനും പരാതി നൽകിയെങ്കിലും പരാതികളോട് മുഖംതിരിക്കുകയാണ് അധികൃതർ. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ജനുവരി 31ന് ശേഷം അനിശ്ചിതകാല സമരം തുടങ്ങാൻ നിര്‍ബന്ധിതരാകുമെന്ന് ചെറുകിട ക്വാറി ആന്‍ഡ് ക്രഷര്‍ അസോസിയേഷന് (എസ്.എസ്.ക്യു.എ) ജനറല്‍ സെക്രട്ടറി എം.കെ. ബാബു കൊച്ചിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.കേരളത്തിൽ മൂവായിരത്തിലേറെ ക്വാറികള്‍ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ എഴുനൂറോളം മാത്രമാണുള്ളത്.
ഇവയില്‍ തന്നെ ബഹുഭൂരിപക്ഷവും അടഞ്ഞുകിടക്കുകയാണ്. മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും വ്യവസായത്തിന് അനുകൂല നിലപാട് എടുക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥതലത്തില്‍ അതെല്ലാം അട്ടിമറിക്കപ്പെടുകയാണ്. വിജിലന്‍സ് അന്വേഷണം പേടിച്ച് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു ജോലിയും ചെയ്യുന്നില്ല. ഒരു ഫയലും ഒപ്പിടാന്‍ അവര്‍ തയാറാകുന്നില്ല.ശാസ്ത്രീയ പിന്‍ബലമില്ലാത്ത ആരോപണങ്ങളാണ് ക്വാറികള്‍ക്കെതിരെ ഉന്നയിക്കുന്നത്. സംസ്ഥാനത്തെ ക്വാറികളെക്കുറിച്ച് പഠനം നടത്താന്‍ തയാറാകണം. കോടതികളെപ്പോലും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. പരിസ്ഥിതിവാദം ഉയര്‍ത്തുന്ന പലരും വന്‍കിട ക്വാറികളുടെ ബിനാമികളാണെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.

