Sunday, May 19, 2024
spot_img

എയ്‌ഡ്‌സ്‌ രോഗം കാരണം അനാഥരായ കുരുന്നുകൾക്ക് സ്നേഹ സ്‌പർശം; ഇന്ന് ലോക എയ്‌ഡ്‌സ്‌ അനാഥ ദിനം!

മാതാപിതാക്കളിൽ നിന്ന് പകർന്നു കിട്ടിയ എയ്‌ഡ്‌സ്‌ രോഗം കാരണം അനാഥരായ രണ്ട് കുരുന്നുകൾക്ക് സ്കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട സംഭവം നടന്നത് ഈ സാക്ഷര കേരളത്തിലാണ്. 2003 ൽ സമൂഹ മനസാക്ഷിയെ നടുക്കിയ അവഗണന നേരിട്ട ബെൻസിയെയും ബെൻസനെയും കേരളം മറന്നിട്ടില്ല. രോഗത്തെ കുറിച്ചുള്ള അന്ധവിശ്വാസങ്ങൾ നയിച്ചിരുന്ന സാക്ഷര കേരളത്തിന്റെ കണ്ണു തുറപ്പിച്ചത് ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന യശഃശരീരയായ സുഷമ സ്വരാജ് ആയിരുന്നു. കേരളം മാറ്റിനിർത്തിയ കുട്ടികളെ കാണാൻ അവർ ഓടിയെത്തി. ഇരുവരെയും വാത്സല്യ പൂർവ്വം ചേർത്ത് ആലിംഗനം ചെയ്‌ത്‌ ചുംബിച്ചു. ആ കുരുന്നുകളെ അവഗണനയിൽ നിന്ന് രക്ഷിച്ചത് സുഷമാ ജിയുടെ മാതൃ വാത്സല്യമായിരുന്നു. ലോകത്ത് ഈ രോഗം അനാഥരാക്കിയ കോടിക്കണക്കിന് കുഞ്ഞുങ്ങൾക്ക് വേണ്ടതും ഈ കരുതലും സ്നേഹവുമാണ്. ഇന്ന് ലോക എയ്‌ഡ്‌സ്‌ അനാഥ ദിനം.

എയ്‌ഡ്‌സ്‌ രോഗത്തിനെതിരെ പ്രവർത്തനങ്ങൾ നടത്തുന്ന എഫ് എക്സ് ബി ഇന്റർനാഷണൽ എന്ന എൻ ജി ഒ ആണ് രോഗം അനാഥരാക്കിയർക്കായി ശബ്ദിക്കാൻ എല്ലാവർഷവും മെയ് 7 ലോക എയ്‌ഡ്‌സ്‌ അനാഥ ദിനമായി ആചരിക്കാൻ ആഹ്വനം നൽകിയത്. ലോകമെമ്പാടും 25 മില്യൺ കുട്ടികൾക്ക് ഈ രോഗം കാരണം രക്ഷിതാക്കളെ നഷ്ടപ്പെട്ടിട്ടുണ്ട്. മാതാപിതാക്കളിൽ നിന്ന് പകർന്നു കിട്ടിയ രോഗവുമായി ഇവർക്ക് ഈ ലോകത്ത് ജീവിക്കേണ്ടി വരുന്നു. പലതരത്തിലുള്ള അവഗണനകൾക്കും ചൂഷണങ്ങൾക്കും ഇവർ ഇരയാകാൻ സാധ്യത കൂടുതലാണ്. അവർക്ക് സമൂഹത്തിന്റെയും സർക്കാരിന്റെയും കരുതലും സഹായവും ആവശ്യമാണ്. പുരോഗമന സമൂഹം എന്ന് ഊറ്റംകൊള്ളുമ്പോഴും എയ്‌ഡ്‌സ്‌ അനാഥരാക്കിയവരോട് നമ്മുടെ സമൂഹത്തിന്റെ സമീപനം ഈ നൂറ്റാണ്ടിലും ആശാവഹമല്ല. ബെൻസിയുടെയും ബെൻസന്റെയും ജീവിതം തന്നെ അതിന് ഉദാഹരണമാണ്. രണ്ടുപേരും ഇന്ന് ജീവിച്ചിരിപ്പില്ല. രോഗത്തോടൊപ്പം ഈ സമൂഹത്തെയും നേരിടാൻ അവർക്ക് കെൽപ്പില്ലാതായിരിക്കണം.

Related Articles

Latest Articles