Saturday, May 18, 2024
spot_img

‘ഹൃദ്രോഗത്തെ തോൽപ്പിക്കാൻ നമ്മൾ ഹൃദയപൂർവം പ്രവർത്തിക്കുക’; ഇന്ന് ലോക ഹൃദയദിനം

ലോകജനത കോവിഡ് മഹാമാരിയുടെ മുന്നിൽ പകച്ചു നിൽക്കുന്ന ദുഃഖകരമായ സമയത്താണ് ഈ വർഷം ലോക ഹൃദയദിനം ആചരിക്കുന്നത്. ഈ മഹാമാരിയുടെ പരിണതഫലം ഏത് രീതിയിൽ ആയിരിക്കും എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും ഇല്ലാത്തത് കൊണ്ട് ഈ സമയത്ത് ഹൃദയത്തിന്റെ സംരക്ഷണം നാം സ്വയം ഏറ്റെടുക്കുകയാണ് വേണ്ടത് . സ്വന്തം ആരോഗ്യത്തിന് ഉപരി സമൂഹത്തിലെ രോഗികളുടെയും രോഗസാധ്യതയുള്ളവരുടെയും സംരക്ഷണ ഉത്തരവാദിത്വവും നിക്ഷിപ്തമായിരിക്കുന്നത് നമ്മുടെ ആരോഗ്യപ്രവർത്തകരിലും രാജ്യത്തെ ആരോഗ്യമേഖല കൈകാര്യം ചെയ്യുന്നവരിലുമാണ്. ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും അതിനു മാറ്റമില്ല.

ഹൃദയദിനത്തിന്റെ സന്ദേശം എല്ലാവർഷവും ജനങ്ങളിൽ എത്തിക്കാൻ വേൾഡ് ഹാർട്ട് ഫെഡറേഷൻ നിർദേശിക്കാറുള്ള പരിപാടികളായ കൂട്ടയോട്ടം, സൈക്കിൾ റെയ്സ്, തെരുവ് നാടകം, സെമിനാർ, സമ്മേളനങ്ങൾ എന്നിവയൊന്നും കോവിഡ് നിയന്ത്രണം മൂലം ഈ വർഷം നടത്താൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
അതിനാൽ ഈ വർഷത്തെ ഹൃദയദിനത്തിന്റെ സന്ദേശം ‘ഹൃദ്രോഗത്തെ തോൽപ്പിക്കാൻ നമ്മൾ ഹൃദയപൂർവം പ്രവർത്തിക്കുക’ എന്നതാക്കി മാറ്റണം.

ലോകത്തെ ഏറ്റവും പ്രധാന മരണ കാരണം ഹൃദ്രോഗവും രക്തധമനി രോഗവുമാണ് (കാർഡിയോ വാസ്ക്കുലാർഡിസീസ്- CVD) ഏതാണ്ട് 17.4 മില്യൻ മനുഷ്യർ ലോകത്ത് ഒരുവർഷം ഹൃദയ രക്തധമനി രോഗം മൂലം മരിക്കുന്നുണ്ട്. . സന്നദ്ധ സംഘടനകളും വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളും രാഷ്ട്രീയ പ്രവർത്തകരും പൊതുജനവും എല്ലാം ഹൃദയദിന സന്ദേശം പ്രചരിപ്പിച്ചും ബോധവത്‌ക്കരണ പരിപാടികൾ നടത്തിയും ഹൃദ്രോഗത്തെ തോൽപ്പിക്കാൻ രംഗത്ത് വരണം. അത് ഇപ്പോഴത്തെ സാഹചര്യത്തിൽ സാമൂഹ്യമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, വാട്സ്അപ്പ്, യൂട്യൂബ് തുടങ്ങിയവ ഉപയോഗിച്ചു വളരെ ഭംഗിയായി നടത്താൻ കഴിയും.

കോവിഡ് 19 പടർന്നുപിടിക്കുന്ന ഈ സമയത്ത് ഹൃദ്രോഗികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആളുകൾക്ക് തുടർചികിത്സ ലഭിക്കാൻ നേരിടുന്ന പ്രയാസങ്ങളും അതോടൊപ്പം പുതുതായി രോഗത്തിനു അടിമയാകുന്നവർക്ക് ചികിത്സ ലഭിക്കാൻ നേരിടുന്ന തടസ്സങ്ങളുമാണ്. പല ആശുപത്രികളും ഇപ്പോൾ സാധാരണ രോഗികൾക്ക് ചികിത്സ നൽകുന്നതിനോടൊപ്പം കോവിഡ് രോഗികളെ ചികിത്സിക്കുന്ന കേന്ദ്രങ്ങൾ കൂടിയാക്കി മാറ്റിയിട്ടുണ്ട്. അതോടൊപ്പം കോവിഡ് നിയന്ത്രണത്തി ന്റെ ഭാഗമായി ഉണ്ടാകുന്ന യാത്രാ തടസ്സങ്ങൾ, റിവേഴ്സ് ക്വാറെന്റ്യ്ൻ, ഡോക്ടർമാരുടെ അഭാവം, ബന്ധുക്കളുടെ അലംഭാവം എല്ലാം യഥാസമയം ചികിത്സ ലഭിക്കുന്നതിന് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കോവിഡ് വന്നവർക്ക് പോലും ഹൃദ്രോഗ മുണ്ടായാൽ ചികിത്സ നൽകാനുള്ള സംവിധാനംവും അതിനുള്ള ഐ. സി.എം. ആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) പ്രോട്ടോകോളും എല്ലാ പ്രധാന ആശുപത്രിയിലും ഉണ്ട്. ഹൃദ്രോഗവുമായി എത്തിയാൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം എങ്ങും ഇല്ല.

ഹൃദ്രോഗമുള്ളവർക്ക് കോവിഡ് വരുകയാണെങ്കിൽ കൂടുതൽ അപകടമുണ്ട് എന്നത് ഇതിനോടകം തന്നെ ഉറപ്പായിക്കഴിഞ്ഞതാണ്. ഹൃദയ ധമനി രോഗം 10.5 ശതമാനം, പ്രമേഹം 7.3 ശതമാനം, രക്താതിമർദം ആറു ശതമാനം എന്ന മുറയ്ക്കാണ് കോവിഡ് മൂലം ജീവഹാനി ഉണ്ടാവുന്നത്.

ഇതൊക്കെ ഒഴിവാക്കാൻ കോവിഡിനെ പ്രതിരോധിക്കാനുള്ള മാസ്ക്കും, സാനിറ്റൈസറും, സാമൂഹ്യ അകല പാലനത്തിനും ഉപരിയായി നമുക്ക് എതൊക്കെ രീതിയിൽ ഹൃദ്യമായി പ്രവർത്തിക്കാൻ കഴിയും എന്ന് നോക്കുകയും അതിനായി ലോക ഹൃദയദിനത്തിൽ നാം പ്രതിജ്ഞ എടുക്കുകയും വേണം.

അതോടൊപ്പം ലോകത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അകാല മരണം ആശ്ലേഷിച്ച എല്ലാ ആരോഗ്യപ്രവർത്തകർക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാവട്ടെ ഈ വര്‍ഷത്തെ ഹൃദയദിനം.

Related Articles

Latest Articles