Friday, May 10, 2024
spot_img

ഗൃഹാതുരത്വ ഓർമ്മകളുണർത്തിക്കൊണ്ടുള്ള വേൾഡ് മലയാളി കൗൺസിന്റെ കേരളപ്പിറവി ആഘോഷങ്ങൾ ; സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ വച്ച് നടന്ന ചടങ്ങിൽ ഒഴുകിയെത്തിയത് ലോമമെമ്പാടുമുള്ള നൂറുകണക്കിന് മലയാളികൾ

സൂറിച്ച്: ഗൃഹാതുരത്വ ഓർമ്മകളുണർത്തിക്കൊണ്ടുള്ള വേൾഡ് മലയാളി കൗൺസിന്റെ കേരളപ്പിറവി ആഘോഷങ്ങൾ സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ വച്ച് നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം മലയാളികളാണ് കേരളപ്പിറവി ആഘോഷത്തിനായി വേദിയിലേക്ക് ഒഴുകിയെത്തിയത്. നവംബർ നാലിന് റാഫ്സിലെ വേദിയിൽ ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ആരംഭിച്ച ചടങ്ങിൽ പാനൽ ചർച്ചകളും കേരളത്തിൽ നിന്നുള്ള യുവ സംരംഭകരുടെ ചർച്ചകളും നടന്നു.

ശേഷം നടന്ന ഉദ്ഘാടന ചടങ്ങിൽ ചെയർപേഴ്സൺ മോളി പറമ്പേട്ട്, പ്രസിഡണ്ട് സുനിൽ ജോസഫ് എന്നിവർ എല്ലാവരെയും സ്വാഗതം ചെയ്തു. ജിമ്മി കൊരട്ടിക്കാട്ടുതറയുടെ നേതൃത്വത്തിൽ ഇന്ത്യൻ – കേരള വിഭവങ്ങളും ഒരുക്കിയിരുന്നു.


അസാധാരണമായ കാഴ്ചപ്പാടും നേതൃത്വവും സംരംഭകത്തിൽ വിജയവും പ്രകടമാക്കിയ മലയാളി സമൂഹത്തിനെ ആദരിക്കുന്ന ബിസിനസ് എക്സലൻസ് അവാർഡ് ദാനവും ചടങ്ങിൽ നടന്നു.

മുൻ അദ്ധ്യാപികയും, നിരവധി ബിസിനസ് സംരംഭങ്ങളുടെ അമരക്കാരിയുമായ ജയശ്രീ ഗോപാലകൃഷ്ണനെ ‘ വുമൺ ഹുമാനിറ്റേറിയൻ അവാർഡ്’ നൽകി ആദരിച്ചു. ചെങ്ങന്നൂർ കേന്ദ്രീകരിച്ച് കേരളത്തിലുടനീളം പ്രവർത്തിക്കുന്ന ദീപം ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തനങ്ങളുടെ വിലയിരുത്തലിലാണ് അവാർഡ് നൽകിയത്. അർഹരായവർക്ക് ഭവന നിർമാണം, നിർധനരായ പെൺകുട്ടികളുടെ വിവാഹ സഹായനിധി, രോഗികൾക്ക് ചികിത്സാസഹായം തുടങ്ങി വളരെ വിശാലമായ സേവന പ്രവർത്തനങ്ങളാണ് ദീപം ഫൗണ്ടേഷൻ നടത്തിവരുന്നത്.

റോസ് മേരിയുടെ നേതൃത്വത്തിൽ നടന്ന നൃത്ത സന്ധ്യ ആസ്വാദകർക്ക് നവ്യാനുഭവം ആയി. പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ ഗോപി സുന്ദർ നയിച്ച സംഗീത പരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. അടുത്തവർഷത്തെ കേരളപ്പിറവി ഇതിലും ഗംഭീരമായി ആഘോഷിക്കാം എന്ന പ്രത്യാശയോടെയാണ് ചടങ്ങ് അവസാനിച്ചത്.

Related Articles

Latest Articles