Saturday, May 4, 2024
spot_img

ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം

മനസ്സിനെ ദൃശ്യ വിസ്മയത്തിന്‍റെ കാല്‍പനിക ലോകത്തേക്ക്
കൂട്ടിക്കൊണ്ടുപോകാന്‍ കഴിയുന്ന സങ്കേതമാണ് ഫോട്ടോഗ്രഫി.
ഗ്രീക്ക് വാക്കില്‍ നിന്നാണ് ഫോട്ടോഗ്രാഫി ജന്മമെടുത്തത്.
ലൂയി ടെഗ്വരെ എന്ന ഫ്രഞ്ചുകാരനെയാണ് ഫോട്ടോഗ്രാഫിയുടെ
പിതാവായി കാണുന്നത്.പക്ഷെ അതിനും എത്രയോ വര്‍ഷം മുന്‍പേ തന്നെ ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന അരിസ്റ്റോട്ടില്‍ ഈ വിദ്യയെപ്പറ്റി ലോകത്തിനു പറഞ്ഞു കൊടുത്തിരുന്നത്രേ. ആദ്യത്തെ പിന്‍ഹോള്‍ ക്യാമറയായ”ക്യാമറ ഒബ്സ്ക്യുര” യുടെ പിറവിക്കു പിന്നിലും ഈ തത്ത്വം ഉപയോഗപ്പെടുത്തി.ഒരു ഇരുട്ട്മുറിയിലേക്ക് ചെറിയൊരു സുഷിരത്തിലൂടെ കടത്തിവിടുന്ന
സൂര്യകിരണങ്ങള്‍ മുറിയുടെ പ്രതലത്തില്‍ തലകീഴായ ചിത്രങ്ങള്‍
ഉണ്ടാക്കുന്നു എന്ന പ്രതിഭാസമാണ് അന്ന് അരിസ്ടോട്ടില്‍ ലോകത്തിനു പറഞ്ഞു കൊടുത്തത്.

ക്യാമറയുടെ സാങ്കേതിക വിദ്യ നാളുകളിലൂടെ പല നാഴികകള്‍ പിന്നിട്ടു. ചുവരുകളും മെടാലിക് പ്രതലങ്ങളും ഫോട്ടോ പതിപ്പിക്കാനുള്ള മാധ്യമങ്ങള്‍ ആയിരുന്നു എന്ന അവസ്ഥയില്‍ നിന്നും ഫിലിം ഉള്ള ക്യാമറയിലേക്കും, നെഗറ്റീവ് ടൂ പോസിറ്റീവ് പ്രോസെസ്സിലെക്കും പിന്നെ നാളുകള്‍ക്കിപ്പുറം ഫിലിം ഇല്ലാത്ത ഡിജിറ്റല്‍ ക്യാമറയിലേക്കും ഈ വിദ്യ വികസിച്ചിരിക്കുന്നു. മൊബൈല്‍ ഫോണില്‍ വരെ ഇന്ന് 8 മെഗാ പിക്സല്‍ ക്യാമറകള്‍ സാധാരണമായി. ചെറിയ പോയിന്റ്‌ ആന്‍ഡ്‌ ഷൂട്ട്‌ ക്യാമറ മുതല്‍ ഭീമന്‍ വൈഡ് ആംഗിള്‍ ലെന്‍സോട് കൂടിയ ഡിജിറ്റല്‍ SLR ക്യാമറ വരെ എത്തിനില്‍ക്കുന്നു.

ഫോട്ടോഗ്രാഫി എന്നത് ചിലര്‍ക്ക് വെറും നേരംപോക്ക് മാത്രമാണ്.ചിലരിതു പ്രോഫെഷനായി സ്വീകരിച്ചിരിക്കുന്നു. ചിലര്‍ക്കിത് ഗൌരവമേറിയഒരു മാധ്യമം തന്നെയാണ്, ലോകത്തെ തന്നെ മാറ്റി മറിക്കാന്‍ ചില ചിത്രങ്ങള്‍ക്കാവും എന്നവര്‍ വിശ്വസിക്കുന്നു.

മറ്റേതൊരു കലയേക്കാളും വളരുകയും അംഗീകാരം നേടുകയും ചെയ്ത ഫോട്ടോഗ്രാഫിയോടൊപ്പം ജീവിക്കുകയാണ് ഇന്ന് ലോകം. യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ഇരുളും, നെഞ്ചില്‍ കാത്തു സൂക്ഷിക്കാന്‍ കൊതിക്കുന്ന മനോഹര നിമിഷങ്ങളുടെ വെളിച്ചവും പകര്‍ത്തി കാലങ്ങളിലേക്ക് കാത്തുസൂക്ഷിച്ച ഫോട്ടോഗ്രഫി. മനുഷ്യന്‍റെ നിത്യജീവിതത്തിന്‍റെ ദൃശ്യങ്ങള്‍ ഓരോനിമിഷവും ക്യാമറാ കണ്ണുകള്‍ ഒപ്പിയെടുക്കുന്നു.1839 ഓഗസ്റ്റ് 19നാണ് ആദ്യത്തെ ഫോട്ടോ സൃഷ്ടിക്കപ്പെട്ടതെന്ന് രേഖകള്‍ പറയുന്നു. ഫോട്ടോഗ്രാഫി എന്ന വിസ്മയത്തിന്‍റെ തുടക്കം അവിടെയായിരുന്നു. ഫോട്ടോഗ്രാഫിയുടെ 180ആം ജന്മദിനത്തിലെത്തി നില്‍ക്കുമ്പോള്‍ ഇന്ന് എല്ലാം ഡിജിറ്റല്‍ സ്വപ്നങ്ങളാണ്.

ഫിലിം റോളുകളും ഭീമന്‍ ക്യാമറകളുമെല്ലാം അപ്രത്യക്ഷമായിക്കഴിഞ്ഞു. ലോകത്തിന്‍റെ ഏതു കോണില്‍ നടക്കുന്ന ചെറു ചലനങ്ങള്‍ പോലും വീട്ടിലെ ടി.വി സ്‌ക്രീനില്‍ തത്സമയം ദര്‍ശിക്കുന്ന തലം വരെ ഫോട്ടോഗ്രാഫി വളര്‍ന്നിരിക്കുന്നു. മറന്നു പോയേക്കാവുന്ന മഹാസംഭവങ്ങളെ പുതിയ തലമുറയ്ക്ക് കാട്ടിക്കൊടുത്തു.സിനിമയെന്ന വിപ്ലവത്തിലൂടെ വിനോദത്തിന്‍റെ വിശാലമായ കാഴ്ച തുറന്നുവച്ചു.ലോക ഫോട്ടോഗ്രാഫി ദിനമായ ഇന്ന് ജീവിതവും ക്യാമറയും തമ്മിലുള്ള ഇഴുകിച്ചേരലിന്‍റെ ആനന്ദമുഹൂര്‍ത്തങ്ങളെ പറ്റിയുള്ള ചിന്തകള്‍ക്കായി മാറ്റിവയ്ക്കാം.

Related Articles

Latest Articles