Friday, May 3, 2024
spot_img

ഇന്ന് ലോക തപാൽ ദിനം ; ആനന്ദ് മോഹന്‍ നരൂല എന്ന ഇന്ത്യാക്കാരന്റെ ബുദ്ധിയിൽ നിന്ന് ഉദിച്ച ആശയമാണ് തപാൽ ദിനാചരണം

ഇന്ന് ലോക തപാല്‍ ദിനം . പോസ്റ്റ്ഓഫീസിന്റെ പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടാനാണ് ഈ ദിനം ആചരിക്കുന്നത്. ആഗോള പോസ്റ്റല്‍ യൂണിയന്റെ സ്ഥാപകദിനമാണ് ലോക തപാല്‍ ദിനമായി ആചരിക്കുന്നത്. 1894 ഒക്ടോബര്‍ 9 ന് സ്വിറ്റ്സര്‍ലന്‍ഡിലാണ് ആഗോള പോസ്റ്റല്‍ യൂണിയന്‍ രൂപീകരിച്ചത്. 1969 ല്‍ ടോക്കിയോയില്‍ നടന്ന ആഗോള പോസ്റ്റല്‍ യൂണിയന്‍ കോണ്‍ഗ്രസില്‍ ആനന്ദ് മോഹന്‍ നരൂല എന്ന ഇന്ത്യാക്കാരനാണ് ലോക തപാല്‍ ദിനമെന്ന ആശയം മുന്നോട്ട് വെച്ചത്. അതിനായി അദ്ദേഹം ശക്തമായി വാദിക്കുകയും ചെയ്തു.

ആഗോളതലത്തില്‍ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് അതിന്റെ സംഭാവനകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ദിനാചരണ ലക്ഷ്യം. തപാല്‍ സേവനങ്ങള്‍ക്ക് ജനജീവിതത്തിലുള്ള പങ്കിനെ കുറിച്ചും, ആഗോളപുരോഗതിയ്ക്ക് നല്‍കുന്ന സംഭാവനകളെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനായാണ് ലോക തപാല്‍ ദിനം ആചരിക്കുന്നത്. 1800 കളുടെ അവസാനത്തിലാണ് ആഗോള തപാല്‍ സര്‍വീസ് ആരംഭിച്ചത്. കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗോള പോസ്റ്റല്‍ യൂണിയന്‍ 1874 ല്‍ രൂപീകരിച്ചത്. 1948 ല്‍ യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍ ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായി.

150 ലേറെ രാജ്യങ്ങള്‍ ഒക്ടോബര്‍ 9 ലോക തപാല്‍ ദിനമായി ആഘോഷിക്കുന്നു. പുതിയ തപാല്‍ ഉത്പന്നങ്ങളും സേവനങ്ങളും ഈ ദിവസം അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. സ്റ്റാമ്പുകളുടെ പ്രദര്‍ശനവും പുതിയ സ്റ്റാമ്പുകളുടെ അവതരണവും ലോക തപാല്‍ ദിനത്തില്‍ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്നു. മികച്ച സേവനത്തിന് ജീവനക്കാര്‍ക്ക് പാരിതോഷികങ്ങളും നല്‍കി വരുന്നു. കൂടാതെ സെമിനാറുകളും മറ്റ് ആഘോഷപരിപാടികളും സംഘടിപ്പിക്കാറുണ്ട്.

Related Articles

Latest Articles