വാളയാർ: വാളയാർ ചെക്പോസ്റ്റിൽ വൻ ലഹരി വേട്ട. ഹാഷിഷ് ഓയിലും കഞ്ചാവുമായി ദീർഘ ദൂര ബസിലെ ഡ്രൈവറും ക്ലീനറും പിടിയിൽ. രണ്ടര ഗ്രാം ഹാഷിഷ് ഓയിലുമായി ക്ലീനർ അജി, 15 ഗ്രാം കഞ്ചാവുമായി ഡ്രൈവർ അനന്തു എന്നിവരാണ് പിടിയിലായത്. ഡ്രൈവറുടെ ലൈസൻസും മറ്റ് രേഖകളും ആർടിഓ ഓഫീസിൽ ഹാജരാക്കി.
ഇന്ന് രാവിലെയാണ് പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വാളയാർ ചെക്പോസ്റ്റിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന സ്വകാര്യ എയർ ബസിലെ ഡ്രൈവറുടെയും ക്ലീനറുടേയും പക്കൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടുകയായിരുന്നു. പരിശോധന നടക്കുമ്പോൾ മറ്റൊരാളായിരുന്നു ബസ് ഓടിച്ചിരുന്നത്.
പകൽ സമയത്ത് വാഹനം നിർത്തിയിടുമ്പോൾ ഉപയോഗിക്കാൻ കരുതിയ ലഹരി വസ്തുക്കളാണ് ഇതെന്നാണ് പ്രതികൾ എക്സൈസിന് നൽകിയ മൊഴി. ബസുകളിൽ ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നുണ്ടോ എന്നത് അറിയാൻ പരിശോധനകൾ ഇനി വരും ദിവസങ്ങളിലും തുടരുമെന്ന് എക്സൈസ് അറിയിച്ചു.

