Wednesday, January 7, 2026

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയ്ക്ക് പടുകൂറ്റൻ കൂറ്റൻ വിജയലക്ഷ്യം

ഓവല്‍ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയ്ക്ക് പടുകൂറ്റൻ വിജയലക്ഷ്യം. 444 റണ്‍സാണ് ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് മുന്നിൽ വിജയലക്ഷ്യമായി ഉയർത്തിയിരിക്കുന്നത്. രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270-റണ്‍സെന്ന നിലയില്‍ ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

നാല് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസീസിന് സ്‌കോർ ബോർഡിൽ ഒരു റൺ കൂടി കൂട്ടിച്ചേർത്തതിനിടെ ബാറ്റർ മാര്‍നസ് ലബുഷെയിനെ നഷ്ടമായി. 41 റണ്‍സെടുത്ത താരത്തെ ഉമേഷ് യാദവാണ് പുറത്താക്കിയത്.

പിന്നീട് ക്രീസിലെത്തിയ അലക്‌സ് കാരി, കാമറൂണ്‍ ഗ്രീനുമൊത്ത് ഓസ്‌ട്രേലിയയുടെ കടിഞ്ഞാൺ ഏറ്റെടുത്തു. ടീം സ്‌കോര്‍ 167-ല്‍ നില്‍ക്കേ കാമറൂണ്‍ ഗ്രീനിനെ പുറത്താക്കി രവീന്ദ്ര ജഡേജ കൂട്ടുകെട്ട് പൊളിച്ചു. 25 റണ്‍സെടുത്താണ് ഗ്രീന്‍ പുറത്തായത്. പിന്നീട് ക്രീസിലെത്തിയ പേസർ മിച്ചല്‍ സ്റ്റാര്‍ക്കും കാരിയും കരുതലോടെ മുന്നോട്ടു നീങ്ങിയതോടെ ഓസ്‌ട്രേലിയയുടെ ലീഡ് 350 കടന്നു. അലക്‌സ് കാരി അര്‍ധസെഞ്ചുറിയും തികയ്ക്കുകയും സ്റ്റാർക്ക് ട്രാക്കിലാവുകയും ചെയ്തതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഓസീസ് ലീഡ് 400-റണ്‍സും കടന്നു.

ഓസീസ് ടീം സ്‌കോര്‍ 260-ല്‍ നില്‍ക്കേ 41 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിനെ പുറത്താക്കി മുഹമ്മദ് ഷമി കൂട്ടുകെട്ട് പൊളിച്ചു. തൊട്ടു പിന്നാലെ ക്രീസിലെത്തിയ കമ്മിന്‍സും വേഗത്തില്‍ മടങ്ങിയതോടെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270-റണ്‍സെന്ന നിലയിൽ ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.അതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 444 ആയി

നേരത്തേ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 296 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 469 റണ്‍സെടുത്ത ഓസ്‌ട്രേലിയ 296 റണ്‍സിന്റെ ലീഡോടെയാണ് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയത്

Related Articles

Latest Articles