ഇന്ന് ലോക വന്യജീവി ദിനം. വന്യജീവി സംരക്ഷണത്തിന്റെ ബോധവല്‍ക്കരണത്തിന് വേണ്ടിയാണ് മാര്‍ച്ച് 3 ലോക വന്യജീവി ദിനമായി ആചരിക്കുന്നത്. കൂടാതെ മൃഗങ്ങള്‍ക്കെതിരെയുള്ള വിവിധതരത്തിലുള്ള ആക്രമണങ്ങള്‍, വനനശീകരണം, ചൂഷണങ്ങള്‍ എന്നിവയ്‌ക്കെതിരെയും ഈ ദിവസം ബോധവല്‍ക്കരണ യജ്ഞങ്ങള്‍ ലോകമെമ്പാടും സംഘടിപ്പിക്കുന്നു. കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രെയ്ഡ് ഇന്‍ എന്‍ഡെയ്ന്‍ജേര്‍ഡ് സ്പീസിസ് ഓഫ് വൈല്‍ഡ് ഫൗണ അന്‍ഡ് ഫ്ലോറയും (CITES) ഐക്യരാഷ്ട്രസഭയും സംയുക്തമായാണ് ലോക വന്യജീവി ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.

വന്യ ജീവിജാലങ്ങളെയും സസ്യജാലങ്ങളെയും സംരക്ഷിക്കാനായി ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലി ചരിത്രത്തിലാദ്യമായി വന്യജീവി ദിനം ആചരിച്ചു തുടങ്ങിയത് 2013 ല്‍ ആണ്. ജലത്തിനടിയിലെ ജീവിതം, ആളുകള്‍ക്കും ഭൂമിക്കും വേണ്ടി എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. സമുദ്ര ജീവജാലങ്ങളുടെ മൂല്യത്തെ ഉയര്‍ത്തിക്കാട്ടാന്‍ ഈ വര്‍ഷത്തെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തും. കൂടാതെ സമുദ്രത്തിലെ ജീവിവര്‍ഗത്തെ സംരക്ഷിക്കുന്നതിനും സുസ്ഥിരമായി നടത്തുന്നതിനും വേണ്ടുന്ന വിജയകരമായ സംരംഭങ്ങള്‍ ആരംഭിക്കാനും ഇതിന്റെ ഭാവിക്ക് വേണ്ടി മുന്‍കൈ എടുക്കുകയും പിന്തുണ നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.