Thursday, April 25, 2024
spot_img

‘ റോഡുകളുടെ നിര്‍മ്മാണം മാത്രമല്ല, അറ്റകുറ്റപ്പണിയും യഥാസമയം നടക്കണം’ ,’ നവംബര്‍ 15 നകം റോഡുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കണം’ ; ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശ് : റോഡുകളുടെ അറ്റകുറ്റപണി എത്രയും വേഗം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . നവംബര്‍ 15 നകം സംസ്ഥാനത്തെ എല്ലാ റോഡുകളും നന്നാക്കിയെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ലഖ്നൗവില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച മുഖ്യമന്ത്രി, ഒക്ടോബര്‍ 8 മുതല്‍ നടക്കുന്ന ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ 81-ാമത് സമ്മേളനത്തിന്റെ ഒരുക്കങ്ങളും അവലോകനം ചെയ്തു.

കേന്ദ്രമന്ത്രിമാരും ദേശീയ അന്തര്‍ദേശീയ സംഘടനാ പ്രതിനിധികളുമുള്‍പ്പെടെ 1500 പ്രതിനിധികള്‍ ഈ സെഷനില്‍ പങ്കെടുക്കും. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ റോഡ് നിര്‍മാണത്തിലെ സാങ്കേതിക വിദ്യകളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും അതിര്‍ത്തി ബന്ധങ്ങള്‍ നിസനിര്‍ത്തുന്നതില്‍ സംസ്ഥാനം മാതൃക അവതരിപ്പിച്ചതായും അവലോകന യോഗത്തില്‍ മുഖ്യമന്ത്രി യോഗി പറഞ്ഞു.

റൂറല്‍ എന്‍ജിനീയറിങ് വകുപ്പ് എഫ്ഡിആര്‍ (ഫുള്‍ ഡെപ്ത്ത് റിക്ലമേഷന്‍) സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല റോഡ് നിര്‍മാണ ചെലവ് കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യുപിയില്‍ പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചാണ് റോഡുകള്‍ നിര്‍മിക്കുന്നത്. സംസ്ഥാനത്തെ വിവിധ എന്‍ജിനീയറിങ്, ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഐആര്‍സി കണ്‍വന്‍ഷനില്‍ രാജ്യത്തെയും ലോകത്തെയും ഏറ്റവും പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് ചര്‍ച്ച ചെയ്യും.

കോവിഡ് കാലത്ത് പോലും സംസ്ഥാന സര്‍ക്കാര്‍ പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേ ഉള്‍പ്പെടെയുളളവ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ നിര്‍മ്മിക്കുകയും ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ്‌വേയുടെ രൂപത്തില്‍ ലോകോത്തര ശൃംഖല സൃഷ്ടിക്കുകയും ചെയ്തുവെന്നും യോഗി കൂട്ടിച്ചേര്‍ത്തു. വരും കാലങ്ങളില്‍ എല്ലാ ഹൈവേകളും വീതികൂട്ടും, റോഡുകളുടെ നിര്‍മ്മാണം മാത്രമല്ല പ്രധാനമെന്നും, യഥാസമയം റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും ഒരുപോലെ പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവാരമില്ലാത്ത റോഡുകള്‍ നിര്‍മ്മിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയ മുഖ്യമന്ത്രി, റോഡ് നിര്‍മാണത്തില്‍ സ്വകാര്യ മേഖലയിൽ നിക്ഷേപകരുടെ സഹകരണം തേടുന്നതിനെക്കുറിച്ചും സംസാരിച്ചു.

Related Articles

Latest Articles