Saturday, May 18, 2024
spot_img

കേരള സ്റ്റോറി കാണാൻ യോ​ഗിയും മന്ത്രിമാരും! നികുതി ഒഴിവാക്കുമെന്ന് യു പി സർക്കാർ

ദില്ലി: ‘ദി കേരള സ്റ്റോറി സിനിമയ്ക്ക് നികുതി ഒഴിവാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കേരള സ്റ്റോറി ബം​ഗാളിൽ പ്രദർശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചതിന് പിന്നാലെയാണ് ഉത്തർപ്രദേശ് സർക്കാർ നികുതി ഒഴിവാക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും മന്ത്രിമാരും പ്രത്യേക സ്ക്രീനിങ് നടത്തി സിനിമ കാണും. വെള്ളിയാഴ്ച ലഖ്നൗവിലായിരിക്കും പ്രദർശനം. നേരത്തെ മദ്ധ്യപ്രദേശ് സർക്കാരും നികുതി ഒഴിവാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചിത്രം കണ്ട് പുകഴ്ത്തിയിരുന്നു.

ബിജെപി ഭരണത്തിലുള്ള ഉത്തരഖണ്ഡിലും ചിത്രം ടാക്സ് ഫ്രീ ആക്കിയേക്കുമെന്നാണ് സൂചന. ദി കേരള സ്റ്റോറിയുടെ ട്രെയിലര്‍ പുറത്ത് വന്നതിന് പിന്നാലെ വലിയ വിവാദമാണ് രാജ്യമൊട്ടാകെയുണ്ടായത്. മതപരിവര്‍ത്തനവും തീവ്രവാദത്തിലേക്കുള്ള റിക്രൂട്ട്മെന്‍റുമെല്ലാം വിഷയമാകുന്ന ചിത്രം തെറ്റായ ആശയമാണ് മുന്നോട്ട് വയ്ക്കുന്നതെന്നായിരുന്നു രൂക്ഷമായി ഉയര്‍ന്ന വിമര്‍ശനം. ചിത്രം കേരളത്തില്‍ റീലീസ് ചെയ്യുന്നത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി കേരള ഹൈക്കോടതി നിരസിച്ചിരുന്നു. തിങ്കളാഴ്ച പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ചിത്രം സംസ്ഥാനത്ത് പ്രദേശിപ്പിക്കുന്നതിന് വിലക്ക് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം പാലിക്കുന്നതിന് വേണ്ടിയാണ് തീരുമാനമെന്നാണ് വിലക്ക് സംബന്ധിയായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്.

ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാണിച്ച് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലക്സുകളും ചിത്രം പ്രദര്‍ശിപ്പിക്കുന്നത് മെയ് 7 മുതല്‍ നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉത്തര്‍പ്രദേശിന്‍റെ പുതിയ തീരുമാനം. അതേസമയം ദി കേരളാ സ്റ്റോറിയുടെ പിന്നണി പ്രവര്‍ത്തകരിലൊരാള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതായി ചിത്രത്തിന്‍റെ സംവിധായകന്‍ സുദീപ്തോ സെന്‍ വിശദമാക്കിയിരുന്നു. മുംബൈ പൊലീസിന് വിവരം അറിയിച്ചതിന് പിന്നാലെ ഇയാള്‍ക്ക് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.

Related Articles

Latest Articles