പുതിയ മദ്രസകളെ ഗ്രാൻഡ് പട്ടികയിൽ നിന്നും ഒഴിവാക്കാനുള്ള നിർദ്ദേശം ഉത്തർപ്രദേശ് മന്ത്രിസഭായോഗം അംഗീകരിച്ചു. അഖിലേഷ് യാദവ് സർക്കാരിന്റെ നയം അവസാനിപ്പിച്ചാണ് യോഗി ആദിത്യനാഥ് പുതിയ തീരുമാനമെടുത്തത്.സംസ്ഥാനത്തെ മദ്രസകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് യോഗി ആദിത്യനാഥ് സർക്കാർ ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് പുതിയ മദ്രസകൾക്ക് ഗ്രാൻറ് അനുവദിക്കേണ്ടതില്ലെന്ന തീരുമാനവും നടപ്പാക്കുന്നത്. ഉത്തർപ്രദേശിലെ ന്യൂനപക്ഷ മന്ത്രി ഡാനിഷ് ആസാദ് അൻസാരിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ ബജറ്റിൽ യുപി സർക്കാർ മദ്രസാ നവീകരണ പദ്ധതിയ്‌ക്കായി 479 കോടി രൂപ വകയിരുത്തിയിരുന്നു. സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്ത 16,000 മദ്രസകളിലെ 558 സ്ഥാപനങ്ങൾക്കാണ് ഫണ്ട് അനുവദിച്ചത്. ഈ സാഹചര്യത്തിൽ പുതിയ മദ്രസകൾക്ക് പണം ലഭിക്കുകയില്ല. മുൻ വർഷത്തിലും പുതുതായി നിർമ്മിച്ച മദ്രസകൾക്ക് യോഗി സർക്കാർ പണം അനുവദിച്ചിരുന്നില്ല. സംസ്ഥാനത്തുടനീളമുള്ള മദ്രസകളിൽ 20 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്.
സംസ്ഥാനത്തെ പല മദ്രസകളും നിലവാരം പുലർത്താത്തതിനെ തുടർന്നാണ് ഗ്രാൻഡ് നൽകേണ്ടെന്ന തീരുമാനമെടുത്തത്. മോഡേൺ മദ്രസ പദ്ധതി പ്രകാരം സംസ്ഥാനത്തെ മദ്രസകളിൽ അന്വേഷണം നടത്താൻ യോഗി സർക്കാർ കഴിഞ്ഞമാസം നിർദ്ദേശം നൽകിയിരുന്നു. മദ്രസകളിലെ അദ്ധ്യാപകരെ പരിശീലിപ്പിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ രാജ്യസ്‌നേഹം വളർത്താനാണ് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ മദ്രസകളിലും ദേശീയഗാനം ആലപിക്കണമെന്ന ഉത്തരവിറക്കി ഒരാഴ്‌ച്ചയ്‌ക്കുള്ളിലാണ് ധനസഹായം നിർത്തലാക്കുന്നത്. അതേസമയം
ഉത്തർപ്രദേശിലെ മദ്രസകളുടെ പ്രവർത്തനങ്ങളിൽ അടിമുടി മാറ്റമാണ് യോഗി സർക്കാർ കൊണ്ടുവരുന്നത്. മദ്രസകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കണം എന്ന നിർണായക തീരുമാനം കൈക്കൊണ്ടത്.
രാവിലെയുള്ള ഈശ്വര പ്രാർത്ഥനയ്‌ക്കൊപ്പം ദേശീയ ഗാനവും ആലപിച്ചതിന് ശേഷം മാത്രമേ ക്ലാസുകൾ ആരംഭിക്കാവൂ. കുട്ടികൾ രാജ്യസ്‌നേഹം വളർത്തുന്നതിന്റെ ഭാഗമായാണ് ദേശീയ ഗാനം ആലപിക്കുന്നതെന്ന് ബോർഡ് വ്യക്തമാക്കി. ഇതിന് പുറമേ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളും യോഗത്തിൽ ഉണ്ടായിട്ടുണ്ട്.
എല്ലാ വർഷവും വാർഷിക പരീക്ഷ നടത്തും. പാഠ്യപദ്ധതിയിൽ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹിക ശാസ്ത്രം, സയൻസ് എന്നീ വിഷയങ്ങളും ഉൾപ്പെടുത്തും. മദ്രസകളിൽ അദ്ധ്യാപകർക്ക് പ്രവേശനം നൽകുക വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിലാകും. ടീച്ചേഴ്‌സ് എലിജിബിലിറ്റി പരീക്ഷ എഴുതി വിജയിക്കുന്നവരെ മാത്രമാകും ഇനി മുതൽ അദ്ധ്യാപക തസ്തികകളിലേക്ക് പരിഗണിക്കുക.
കുട്ടികളിൽ രാജ്യസ്‌നേഹവും, സംസ്‌കാരത്തോടുള്ള മമതയും ഉണ്ടാക്കുന്നതിന് വേണ്ടിയാണ് മദ്രസകളിലും ദേശീയഗാനം നിർബന്ധമാക്കിയതെന്ന് മദ്രസ ബോർഡ് അദ്ധ്യക്ഷൻ ഇഫ്ക്ഹർ അഹമ്മദ് ജാവേദ് പറഞ്ഞത്. നിലവിൽ ചില മദ്രസകളിൽ ദേശീയ ഗാനത്തിന് ശേഷമാണ് ക്ലാസുകൾ ആരംഭിക്കാറുള്ളത്. ഇപ്പോൾ ഇത് നിർബന്ധമാക്കുന്നുവെന്ന് മാത്രം. യോഗ്യതയുള്ള അദ്ധ്യാപകരുടെ നിയമനത്തിൽ അന്തിമ തീരുമാനം മാനേജ്‌മെന്റിന്റെ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2017 ൽ എല്ലാ സ്വാതന്ത്ര്യദിനത്തിലും മദ്രസകളിൽ ദേശീയഗാനം ആലപിക്കണമെന്നും, ദേശീയപതാക ഉയർത്തണമെന്നും ബോർഡ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മദ്രസകളിൽ ദേശീയ ഗാനം നിർബന്ധമാക്കിയത്.
എന്നാൽ മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കിക്കൊണ്ടുളള യോഗി സർക്കാരിന്റെ തീരുമാനത്തിനെതിരെ എഐഎംഐഎം നേതാവ് അസാദുദ്ദീൻ ഒവൈസി രംഗത്തുവന്നിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയത് മദ്രസകളാണെന്നും അന്ന് സംഘപരിവാർ ഇല്ലായിരുന്നുവെന്നും ഒവൈസി പറഞ്ഞു. തനിക്ക് രാജ്യസ്‌നേഹത്തിനുളള സർട്ടിഫിക്കറ്റ് ബിജെപിയും യോഗിയും നൽകേണ്ടെന്നും ഒവൈസി പ്രതികരിച്ചു.
മദ്രസകളിൽ രാജ്യത്തോടുളള സ്‌നേഹമാണ് പഠിപ്പിക്കുന്നതെന്നും. ഓഗസ്റ്റ് 15 നും ജനുവരി 26 നും എല്ലാ മദ്രസകളിലും ദേശസ്‌നേഹത്തെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും. പക്ഷെ അവരെ സംശയത്തോടെ കാണുന്നതുകൊണ്ടാണ് ഇത്തരം നിയമങ്ങൾ ഉണ്ടാക്കുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി.
മതപഠന സ്ഥാപനമായാലും വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് എല്ലായിടത്തും ദേശീയഗാനം ആലപിക്കണമെന്ന കർശന നിർദ്ദേശം യോഗി ആദിത്യനാഥ് സർക്കാർ പുറപ്പെടുവിച്ചത്. ഉത്തർപ്രദേശ് മദ്രസാ എഡ്യൂക്കേഷൻ കൗൺസിലാണ് ദേശീയഗാനം നിർബന്ധമാക്കിയത്.
എല്ലാദിവസവും രാവിലെ പഠനം ആരംഭിക്കുന്നതിന് മുമ്പാണ് ദേശീയഗാനം ചൊല്ലേണ്ട തെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. ഉത്തർപ്രദേശിലെ മതപഠനസ്ഥാപനങ്ങളിൽ ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന ആരോപണം ഒരു കാലഘട്ടത്തിൽ ശക്തമായിരുന്നു. മദ്രസകൾ ഭീകരരുടെ കേന്ദ്രമാകുന്നുവെന്ന വാദവും നിരവധി സംഘടനകൾ ഉന്നയിച്ചിരുന്നു.
കോവിഡ് കാലത്തിന് മുന്നേ തന്നെ ഉത്തർപ്രദേശിൽ മതപഠന നിയമങ്ങളും മതപരിവർത്തന നിരോധന നടപടികളും ശക്തമാക്കുകയാണ് യോഗി ആദിത്യനാഥ് ചെയ്തത്. മദ്രസകൾ നിർത്തലാക്കാതെ പ്രത്യേകം മദ്രസാ വിദ്യാഭ്യാസ കൗൺസിൽ സ്ഥാപിച്ചുകൊണ്ടാണ് സമഗ്രമാറ്റം വരുത്തിയത്.

