Wednesday, November 4, 2026

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇനി സിറപ്പ് കിട്ടില്ല ! ഉത്തരവിറക്കി ആരോഗ്യ മന്ത്രാലയം ! കഫ് സിറപ്പ് ഉൾപ്പെടെ എല്ലാ സിറപ്പുകൾക്കും ബാധകം

ദില്ലി : രാജ്യത്ത് കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളുടെയും മെഡിക്കൽ സ്റ്റോറുകൾ വഴിയുള്ള നേരിട്ടുള്ള വിൽപ്പന നിരോധിച്ച് കേന്ദ്രസർക്കാർ . ഇനി മുതൽ ഇത്തരം മരുന്നുകൾ വാങ്ങണമെങ്കിൽ രജിസ്റ്റേർഡ് ഡോക്ടറുടെ കുറിപ്പടി നിർബന്ധമായും ഹാജരാക്കേണ്ടി വരും. 1945-ലെ ഡ്രഗ്സ് ചട്ടങ്ങളിൽ സുപ്രധാന ഭേദഗതി വരുത്തിക്കൊണ്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ ഉത്തരവിറക്കിയത്.

മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ മലിനമായ കഫ് സിറപ്പുകൾ കഴിച്ച് കുട്ടികൾ മരണപ്പെട്ട ദാരുണ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ കർശനമായ ഇടപെടൽ. ഇത്തരം ദ്രാവക രൂപത്തിലുള്ള മരുന്നുകളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനും, സിറപ്പുകളുടെ ദുരുപയോഗം തടയുന്നതിനും കൂടുതൽ ശക്തമായ നിയന്ത്രണം വേണമെന്ന ആവശ്യത്തെ തുടർന്നാണ് ഈ തീരുമാനം. 1940-ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ പുതിയ ഭേദഗതി നടപ്പിലാക്കിയത്.

പുതിയ വിജ്ഞാപന പ്രകാരം ഡ്രഗ്സ് ചട്ടങ്ങളിലെ ‘ഷെഡ്യൂൾ കെ’ വിഭാഗത്തിൽ നിന്നാണ് “സിറപ്പുകൾ” എന്ന വാക്ക് ഒഴിവാക്കിയത്. ഇതോടെയാണ് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇവ നേരിട്ട് വിൽക്കാനുള്ള അനുമതി ഇല്ലാതായത്. 2025 ഡിസംബറിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് നിർദ്ദേശത്തിന്മേൽ പൊതുജനങ്ങളിൽ നിന്നും വിദഗ്ധരിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷമാണ് ഇപ്പോൾ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിയമം പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തുടനീളമുള്ള മെഡിക്കൽ സ്റ്റോറുകൾ പുതിയ ചട്ടം കർശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഹർഷ് മംഗ്ല പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

Related Articles

Latest Articles