Thursday, October 1, 2026

ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; മൂന്നര മണിക്കൂര്‍ നീണ്ട ആശങ്ക ; അഗ്നിരക്ഷാസേന താഴെയിറക്കി

​പത്തനംതിട്ട:വീട്ടുകാരുമായി പിണങ്ങിയതിനെത്തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്നിരക്ഷാ സേനാംഗങ്ങൾ സാഹസികമായി താഴെയിറക്കി. ഊന്നുകല്‍ സ്വദേശി ആരോമല്‍ (25) ആണ് ഞായറാഴ്ച പുലര്‍ച്ചെ പത്തനംതിട്ട ഊന്നുകല്‍ ജങ്ഷന് സമീപമുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ കയറി പരിഭ്രാന്തി സൃഷ്ടിച്ചത്. വിവരമറിഞ്ഞ് പത്തനംതിട്ടയില്‍ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് യുവാവിനെ അനുനയിപ്പിച്ച് സുരക്ഷിതമായി നിലത്തിറക്കിയത്.

​പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മൂന്നര മണിക്കൂറോളം അവിടെ തുടരുകയായിരുന്നു. ഇതിനിടയില്‍ കെ.എസ്.ഇ.ബി അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നാട്ടുകാരും പോലീസും ഇടപെട്ടിട്ടും യുവാവ് താഴെയിറങ്ങാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് അഗ്നിരക്ഷാ സേനയുടെ സഹായം തേടിയത്.

​രാവിലെ 7.30- ഓടെയാണ് ഏറെ പണിപ്പെട്ട് അഗ്നിരക്ഷാ സേനാംഗങ്ങൾ ആരോമലിനെ താഴെയിറക്കിയത്. തുടര്‍ച്ചയായ അനുനയ ശ്രമങ്ങള്‍ക്കൊടുവില്‍ യുവാവിനെ സുരക്ഷിതമായി താഴെയെത്തിക്കാന്‍ സാധിച്ചതോടെയാണ് പ്രദേശത്തുണ്ടായിരുന്ന ആശങ്കയ്ക്ക് വിരാമമായത്. നിലവില്‍ അപകടമൊന്നുമില്ലാതെ സുരക്ഷിതനായ യുവാവിനെ തുടര്‍ നടപടികള്‍ക്കായി പോലീസിന് കൈമാറി.

Related Articles

Latest Articles