Thursday, December 18, 2025

മന്ത്രിസഭാ രൂപീകരണത്തില്‍ അപൂര്‍വ്വ നീക്കം; എല്ലാ സമുദായങ്ങള്‍ക്കും പരിഗണന നൽകി ജഗന്‍ മോഹന്‍ റെഡ്ഡി മന്ത്രിസഭ

അമരാവതി: മന്ത്രിസഭാ രൂപീകരണത്തില്‍ അപൂര്‍വ്വ നീക്കവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി. അഞ്ച് ഉപമുഖ്യമന്ത്രിമാരെയുള്‍പ്പെടുത്തി 25 അംഗ മന്ത്രിസഭയ്ക്കാണ് ജഗന്‍ രൂപം നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നിയസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ഇതാദ്യമായാണ് രാജ്യത്ത് ഒരു മുഖ്യമന്ത്രി തനിക്ക് കീഴില്‍ അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത്.

പട്ടികജാതി, പട്ടികവര്‍ഗം, ഒബിസി വിഭാഗം, കാപു സമുദായം, ന്യൂനപക്ഷം എന്നീ വിഭാഗങ്ങളില്‍ നിന്നാകും ഉപമുഖ്യമന്ത്രിമാര്‍. ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും തന്റെ മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കുമെന്നും ജഗന്‍ പറഞ്ഞു. രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസഭ പുനഃസംഘടിപ്പിക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിലായിരിക്കും പുന:സംഘടനയെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ മന്ത്രിസഭയില്‍ 50 ശതമാനവും പട്ടികജാതി, പട്ടികവര്‍ഗം, ഒബിസി, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നായിരിക്കുമെന്നും ജഗന്‍ അറിയിച്ചു. എന്നാല്‍ മന്ത്രിമാര്‍ ആരൊക്കെയായിരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. മന്ത്രിസഭയിലേക്ക് തിരഞ്ഞെടുത്തവരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.വിജയ് സായ് റെഡ്ഡി ഇന്ന് വൈകുന്നേരത്തോടെ നേരിട്ട് വിളിക്കുമെന്ന് ജഗന്‍ അറിയിച്ചു.

ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരാണ് ഉണ്ടായിരുന്നത്. കാപു, ഒ.ബി. സമുദായക്കാരായിരുന്നു ഇവര്‍.

Related Articles

Latest Articles