തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും മിസോറാം ഗവര്‍ണറും ബി.ജെ.പി നേതാവായ പി.എസ് ശ്രീധരന് പിള്ളയ്ക്കെതിരെയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടക്കുകയാണ്. ഇതിനെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകി. ‘കാവിപ്പട’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കാന്‍ സംസ്ഥാന സർക്കാർ നിർദേശിച്ചത്.
കോവിഡ് രോഗം ബാധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നില ഗുരുതരമാണെന്നും മിസോറാം ഗവര്‍ണര്‍ക്ക് രോഗം ബാധിച്ചെന്നും ഗ്രൂപ്പിലൂടെ പ്രചരിച്ചിരുന്നു. മിസോറാം ഗവര്‍ണര്‍ക്ക് ‘കരള്‍ രോഗമുള്ളത് കാരണം’ അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും ഗ്രൂപ്പ് പ്രചാരണം നടത്തുന്നുണ്ട്.
ഇതിന് പിന്നാലെ മിസോറാം ഗവര്‍ണര്‍ ശ്രീധരന് പിള്ളയ്ക്ക് വേണ്ടി രാജ്ഭവന് സെക്രട്ടറി, കേരള ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ശ്രീധരന് പിള്ളയെ വ്യക്തിപരമായി അപമാനിക്കുന്ന ചില കമെന്റുകളുടെ സ്ക്രീന്‍ഷോട്ടുകളും പരാതിയോടൊപ്പം സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു സംഘടനയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗ്രൂപ്പിലെ പേരുകള്‍ വ്യാജമാണെന്നും ശ്രീധരന് പിള്ള പ്രതികരിച്ചു.
പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഗ്രൂപ്പില്‍ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നും സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരളാ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘപരിവാര്‍ അനുകൂലികളെന്ന വ്യാജേന ആര്.എസ്.എസ്/ബി.ജെ.പി നേതാക്കള്‍ക്കെതിരെ വ്യാജപ്രചാരണം നടത്തുന്ന ഗ്രൂപ്പാണിതെന്ന ആരോപണം ശക്തമാവുകയാണ്.

