Saturday, October 31, 2026

കാട്ടുതീ പോലെ പടരുന്നു; സമൂഹനന്മയ്ക്കായ് ലഹരികൾക്കെതിരേ പോരാടൂ

വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തില്‍ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ലോക ലഹരി വിരുദ്ധ ദിനമാണിന്ന്. ആധുനിക സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വന്‍വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതല്‍ ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.

ലഹരിമരുന്നുകളുടെ കെണിയില്‍ പലപ്പോഴും അകപ്പെടുന്നതു കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ചു കുട്ടികള്‍ക്കു വേണ്ടത്ര അറിവില്ലെന്നതാണു വാസ്തവം. ഉണ്ടായിരുന്നെങ്കില്‍ പലരും ദുര്‍ഗതിയില്‍ പെടില്ലായിരുന്നു. കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാള്‍ വേഗത്തില്‍ വളര്‍ന്നു സമൂഹത്തെ കീഴ്‌പ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കയറാന്‍ പറ്റാത്ത, മഹാഗര്‍ത്തത്തിലേക്കാണ് ലഹരിയുടെ ഉപയോക്താക്കള്‍ പതിക്കുന്നത്.

ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വര്‍ധിച്ചു വരുമ്പോഴും ജനങ്ങള്‍ക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുവെന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. ജാതി, മത, പ്രായ ഭേദമന്യെ ലഹരിയൊരുക്കുന്ന അപകടച്ചുഴികളില്‍ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വര്‍ധനവാകും വരും കാലത്ത് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് സുവ്യക്തം.

പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പടര്‍ന്നു പന്തലിക്കുന്ന ലഹരിയുടെ ഈ കരാളഹസ്തങ്ങള്‍ക്ക് കൈയാമമിടുകയെന്ന ശ്രമകരമായ ദൗത്യത്തേക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാകുന്നു ഈ ലഹരി വിരുദ്ധ ദിനവും. ശരിയായ അവബോധത്തിലൂടെ മാത്രമേ കരപറ്റാനാകൂ. കൂട്ടായ യത്‌നം ഇതിന് അനിവാര്യമാണ്.

Related Articles

Latest Articles