ദില്ലി :ഗര്‍ഭിണിയായ യുവതി മരിച്ചത് കൊവിഡ് ബാധ മൂലമെന്ന സംശയത്തെ തുടര്‍ന്ന് ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പടെ 68 അരോഗ്യ പ്രവര്‍ത്തകരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. ദില്ലി യിലെ ഭഗവാന് മഹാവീര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. തിങ്കളാച്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 25 കാരിയായ ഗര്‍ഭിണി ബുധനാഴ്ച രാത്രിയോടെ മരിയ്ക്കുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രോഗം കടുത്തതോടെയാണ് വിദേശത്ത് പോയി വന്നിരുന്ന കാര്യം ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയത്. ആരോഗ്യനില കൂടുതല്‍ വഷളായ ഇവര്‍ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഇതോടെയാണ് ആശുപത്രിയില്‍ ഇവരുമായി ഇടപഴകിയ 68-പേരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടത്. ഇവരുടെ സാംപിള്‍ പരിശോധന ഫലം ലഭ്യമായിട്ടില്ല.

