Friday, January 9, 2026

ചാരിറ്റിയില്‍ എവിടെയാണ് കമ്മീഷന്‍. ലൈഫ് പദ്ധതിയില്‍ നിന്ന് എങ്ങനെ സ്വപ്‌ന സുരേഷിന് ഒരു കോടി രൂപ കമ്മീഷന്‍ ലഭിച്ചു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം: കെ.സുരേന്ദ്രന്‍.

കോഴിക്കോട്: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റുമായി സര്‍ക്കാര്‍ നടത്തിയത് ചാരിറ്റി പ്രവര്‍ത്തനമാണോ അതല്ല മറ്റെന്തെങ്കിലും ധാരണയാണോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് എങ്ങനെയാണ് സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിന് ഒരു കോടി രൂപ കമ്മീഷന്‍ ലഭിക്കുക.

വിദേശ രാജ്യത്തുള്ള സന്നദ്ധ സംഘടന ഇരുപത് കോടി രൂപ ചാരിറ്റിയായി നല്‍കിയെന്നാണ് പറയുന്നത്. ആ സഹായത്തില്‍ നിന്നാണ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വപ്‌നയും ചേര്‍ന്ന് വാങ്ങിയിരിക്കുന്നത്. ചാരിറ്റിയില്‍ എവിടെയാണ് കമ്മീഷന്‍. റെഡ്ക്രസന്റുമായുള്ള ധാരണാ പത്രത്തില്‍ എന്താണ് പറഞ്ഞിട്ടുള്ളതെന്നും ധാരണാ പത്രത്തിലെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് ധാരണയുണ്ടാക്കാന്‍ വിദേശ യാത്ര നടത്തുന്നതിന് മുമ്പെ ശിവശങ്കറും സ്വപ്‌നയും വിദേശത്ത് എത്തിയിരുന്നു. അവിടെ എന്താണ് നടന്നത്. എന്തിനാണ് വലിയൊരു ഡീല്‍ നടത്തുമ്പോള്‍ താല്‍ക്കാലിക ജീവനക്കാരിയെ ശിവശങ്കര്‍ കൂടെ കൂട്ടിയത്. ഇവര്‍ ആരൊക്കെയായിട്ടാണ് ചര്‍ച്ച ചെയ്തത്. ഈ ചാരിറ്റിക്ക് മാത്രമുള്ള ചര്‍ച്ചയാണോ നടന്നത്. ലൈഫ് മിഷന്‍ പരസ്യത്തില്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ സഹായത്തോടെയാണ് പദ്ധതിയെന്നാണ് പറയുന്നത്. എങ്ങനെയാണ് ഒരു സര്‍ക്കാര്‍ പദ്ധതിയില്‍ യു.എ.ഇ കോണ്‍സുലേറ്റ് വരുന്നത്. ഇത്രവലിയ ചാരിറ്റി സഹായമായി ലഭിക്കുമ്പോള്‍ വിദേശ മന്ത്രാലയത്തിന്റെ ചില നടപടി ക്രമങ്ങള്‍ ഉണ്ട്. ഇതെല്ലാം പാലിച്ചിട്ടുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

2018-ലെ പ്രളയകാലത്ത് മന്ത്രിമാരും പരിവാരങ്ങളും വിദേശത്തേക്ക് പോയതിന് ദുരുദ്ദേശ്യമുണ്ടെന്നാണ് തോന്നുന്നത്. ആരാണ് യു.എ.ഇ സംഘടനയ്ക്ക്‌ പണം നല്‍കുന്നത്. പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് സ്വപ്‌നയ്ക്കും ശിവശങ്കറിനും കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ഇത് വെറും ചാരിറ്റി പ്രവര്‍ത്തനമല്ല. റെഡ്ക്രസന്റിന്റെ ഇന്ത്യയിലെ സംഘടനയായ റെഡ് ക്രോസിനെ എന്തുകൊണ്ടാണ് അറിയിക്കാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

യു.എ.ഇ കോണ്‍സുലേറ്റുമായി ജലീല്‍ മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസും ഇതിലേക്ക് വരുന്നുവെന്നാണ് വ്യക്തമാവുന്നത്. മുഖ്യന്ത്രിയുടെ ഓഫീസ് എന്നുവെച്ചാല്‍ അദ്ദേഹം ഇരിക്കുന്ന കസേരയും മേശയും മാത്രമുള്ളതല്ല. ഇതുമായി ബന്ധപ്പെട്ട എല്ലാം ചേരുന്നതാണ്. ചോദ്യം ചോദിക്കുന്നവരെ വിരട്ടുകയും മാധ്യമ പ്രവര്‍ത്തകരെ ആക്ഷേപിക്കുകയും പ്രശ്‌നങ്ങള്‍ സമൂഹ മധ്യത്തില്‍ കൊണ്ടുവരുന്നവരെ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തിട്ട് കാര്യമില്ല. ഉത്തരങ്ങള്‍ പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു

Related Articles

Latest Articles