ചെന്നൈ: ടിക്ടോക്കിൽ ഇടാൻ ജീവനുള്ള മീൻ വിഴുങ്ങിയ യുവാവ് മരിച്ചു. ചെന്നൈ ഹൊസൂർ പാർവതി നഗറില്‍ താമസിക്കുന്ന എസ് വെട്രിവേലാണ് (22) മരിച്ചത്. തേര്‍പേട്ടയ്ക്കടുത്തുള്ള തടാകക്കരയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
കെട്ടിടനിര്‍മാണ തൊഴിലാളിയായ വെട്രിവേൽ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് മീൻപിടിക്കാൻ തടാകത്തിലെത്തിയത്. എല്ലാവരും മദ്യലഹരിയിലായിരുന്നു. ഇതിനിടയിലാണ് പിടികൂടിയ മത്സ്യത്തെ വിഴുങ്ങി അതിന്റെ വീഡിയോ ടിക്ടോക്കിലിടാമെന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് തീരുമാനിച്ചത്. ഇതോടെ വെട്രിവേല്‍ മീന്‍ വിഴുങ്ങി.
സുഹൃത്തുക്കള്‍ മീൻ വിഴുങ്ങുന്ന വീഡിയോ ചിത്രീകരിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ യുവാവ് ശ്വാസം കിട്ടാതെ മരണവെപ്രാളം കാട്ടിത്തുടങ്ങി. ഇതോടെ ചിത്രീകരണം ഉപേക്ഷിച്ച് സുഹൃത്തുക്കള്‍ യുവാവിനെ ഹൊസൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് മരണം സംഭവിക്കുകയായിരുന്നു.

