Sunday, November 8, 2026

തന്നെ വിമർശിച്ച യുവതിക്ക്, ‘ബിഗ് ‘ മറുപടിയുമായി ബിഗ് ബി

കോവിഡ് രോഗമുക്തി നേടി വീട്ടില്‍ ക്വാറന്റൈനിൽ കഴിയുന്ന ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനെതിരെ വിമർശനവുമായെത്തിയ യുവതിയ്ക്ക് മറുപടി നൽകി താരം. താങ്കളോടുള്ള ആദരവ് നഷ്ടപ്പെട്ടു എന്ന യുവതിയുടെ വിമര്‍ശനത്തിന് ബച്ചന്‍ നല്‍കിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധേയമാകുന്നത്.

“മനുഷ്യ ജീവിതത്തിന് വില കല്‍പ്പിക്കാതെ പണം സമ്പാദിക്കുക മാത്രം ചെയ്യുന്ന ഒരു ആശപത്രിക്ക് താങ്കള്‍ പരസ്യം ചെയ്യുന്നതില്‍ വളരെ ദുഖമുണ്ട്. ക്ഷമിക്കണം, ഇപ്പോള്‍ താങ്കളോടുള്ള ആദരവ് പൂര്‍ണമായും നഷ്ടപ്പെട്ടു” . 80 വയസുള്ള തന്റെ അച്ഛന് തെറ്റായി പരിശോധന നടത്തിയതോടെ കോവിഡ് 19 പോസിറ്റീവായെന്നും ഡോക്ടര്‍മാരുടെ നിരുത്തരവാദിത്തം കൊണ്ട് ഒരുപാട് അനുഭവിക്കേണ്ടി വന്നതായും യുവതി കുറിച്ചു . ജാന്‍വി എന്ന യുവതിയാണ് ബച്ചന്റെ പോസ്റ്റിന് താഴെ ഇത്തരത്തിൽ ഒരു കുറിപ്പുമായിയെത്തിയത്.തൊട്ടു പിന്നാലെ തന്നെ മറുപടിയുമായി ബിഗ് ബിയും രംഗത്തെത്തുകയായിരുന്നു.

“ജാന്‍വി ജി.. താങ്കളുടെ പിതാവിന് സംഭവിച്ച കാര്യത്തില്‍ ഞാന്‍ ഖേദം അറിയിക്കുന്നു. എന്നാൽ , ചെറുപ്പം മുതലേ ഒരുപാട് മെഡിക്കല്‍ കണ്ടീഷനുകളിലൂടെ ഞാന്‍ കടന്നു പോയിട്ടുണ്ട്. അവിടെ ഡോക്ടര്‍മാരും നഴ്‌സുമാരും മാനേജ്‌മെന്റും രോഗിയുടെ പരിചരണത്തില്‍ പരമാവധി ശ്രദ്ധ ചെലുത്തുന്നത് ഞാന്‍ ശ്രദ്ധിച്ചു.”

“ചിലപ്പോള്‍ ലാബ് ടെസ്റ്റുകളില്‍ തെറ്റുപറ്റാം. എന്നാല്‍ ഒരു അസുഖത്തെ അടിസ്ഥാനമാക്കി വിലയിരുത്തല്‍ നടത്താന്‍ നിരവധി പരിശോധനകളും വ്യവസ്ഥകളുമുണ്ട്. എന്റെ അനുഭവത്തില്‍ ഇതുവരെ ഒരു ഡോക്ടറോ, ആശിപത്രിയോ പെരുമാറ്റച്ചട്ടം പാലിക്കാതെ വാണിജ്യപരമായ നേട്ടങ്ങള്‍ക്ക് ചികിത്സ നടത്തുന്നത് കണ്ടിട്ടില്ല. ഇതിനോട് ഞാന്‍ താഴ്മയോടെ വിയോജിക്കുന്നു.”

“ആ ആശുപത്രിക്ക് ഞാന്‍ പരസ്യം നല്‍കിയിട്ടില്ല. നാനാവതി ആശുപത്രിയില്‍ എനിക്ക് മികച്ച ചികിത്സയാണ് ലഭിച്ചത്. അതിനാല്‍ ആശുപത്രിയോടുള്ള ബഹുമാനം തുടരും. നിങ്ങള്‍ക്ക് ആദരവ് നഷ്ടപ്പെട്ടിട്ടുണ്ടാകാം. എന്നാല്‍ ഈ രാജ്യത്തെ ഡോക്ടര്‍മാരോടും മെഡിക്കല്‍ പ്രൊഫഷനോടും എനിക്ക് ആദരവുണ്ട്. അവസാനമായി ഒരു കാര്യം കൂടി . എന്റെ ആദരവും ഉത്തരവാദിത്തവും നിങ്ങള്‍ ജഡ്ജ് ചെയ്യേണ്ട ആവശ്യമില്ല” ബച്ചൻ മറുപടി നൽകി.

Related Articles

Latest Articles