ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന് തൊട്ടുമുമ്പ് ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ പ്രതികരണത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ സർക്കാരിനും പൊലീസിനും ഭൂമി കൈയേറ്റം നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന മാഫിയ സംഘങ്ങൾക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് നിഷ ഉന്നയിച്ചത്. ആദിവാസി ഭൂമിയുടെ സംരക്ഷണത്തിനും അവകാശങ്ങൾക്കുമായി പ്രവർത്തിച്ചിരുന്ന നിഷയെ റാഞ്ചിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് ലൈവിൽ ഉന്നയിച്ച ആരോപണങ്ങളും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും വിശദമായി പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.മരണത്തിന് പിന്നാലെ രാഷ്ട്രീയ രംഗത്തുനിന്നും ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. പ്രതിപക്ഷ നേതാവ് ബാബുലാൽ മറാണ്ടി നിഷയുടെ മരണത്തിന് ഉത്തരവാദികളെന്ന് അവർ ആരോപിച്ച മുഖ്യമന്ത്രി ഹേമന്ത് സോറൻ, പിത്തോറിയ പൊലീസ് സ്റ്റേഷൻ ഇൻചാർജ്, അജയ് തിർക്കി എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടു. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവും ബി.ജെ.പി ഉയർത്തിയിട്ടുണ്ട്. അതേസമയം, സി.പി.ഐ (എം.എൽ) ലിബറേഷൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ നിഷയുടെ മരണത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടു.
ആദിവാസി ഭൂമിയുടെ സംരക്ഷണം, ഭൂമി ഇടപാടുകളിലെ ക്രമക്കേടുകൾ, പരാതികളിൽ പൊലീസിന്റെ ഇടപെടൽ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ജാർഖണ്ഡിൽ ഉയരുന്നത്. ഒരു ആദിവാസി അവകാശ പ്രവർത്തകയുടെ മരണത്തിന് പിന്നിലെ സാഹചര്യങ്ങൾ പുറത്തുകൊണ്ടുവരാനും ഉയർന്ന ആരോപണങ്ങളിൽ സത്യാവസ്ഥ കണ്ടെത്താനും സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം അനിവാര്യമാണ്.
Disclaime :ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ആത്മഹത്യാശ്രമം പരാജയപ്പെടുകയാണെങ്കിൽ, ഇന്ത്യൻ നിയമപ്രകാരം നിങ്ങൾക്ക് നിയമപരമായ ശിക്ഷയും പോലീസിന്റെയും കോടതിയുടെയും ഭാഗത്തുനിന്നുള്ള സ്വമേധയാ ഉള്ള കേസ് നടപടികളും നേരിടേണ്ടി വന്നേക്കാം. അതിനാൽ നിയമപരമായ ഈ ഗുരുതരമായ വശങ്ങൾ കൂടി ഓരോരുത്തരും ഓർക്കുക.

