മൂന്നാര്‍: പെട്ടിമുടിയില്‍ ദുരിതബാധിതര്‍ക്ക് വീട് വെച്ച് നല്‍കുമെന്നും ആശുപത്രിയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തബാധിതര്‍ക്ക് കമ്പനിയും അതിന്റേതായ സഹായം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടലില്‍ വന്‍ ദുരന്തമുണ്ടായ പെട്ടിമുടി സന്ദര്‍ശിച്ച ശേഷം മൂന്നാറില്‍ നടന്ന ഉന്നത തല യോഗത്തിന് ശേഷമാണ് തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ദുരന്തബാധിതരെ സഹായിക്കാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും നിര്‍വ്വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തത്തില്‍ പെട്ടു പോയ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. പ്രത്യേക സഹായം ആവശ്യമുള്ളവര്‍ക്ക് അതും നല്‍കും. കേടുപാട് പറ്റിയിരിക്കുന്ന ലയങ്ങളുടെ ശോചനീയാവസ്ഥ സര്‍ക്കാര്‍ പ്രത്യേകം പരിഗണിക്കും. ലയത്തില്‍ താമസിച്ചിരുന്നവര്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ ഭാഗത്ത് നിന്നും സഹായം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പ്രതീക്ഷിച്ചു. ജീവിച്ചിരിക്കുന്നവരെ തൊഴില്‍ നഷ്ടമായവര്‍ക്ക് മറ്റ് വരുമാനമില്ല. അത് കമ്പനി ഏറ്റെടുത്ത് സഹായിക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.
പെട്ടിമുടിയിലേക്കും ഇടമലകുടിയിലേക്കുള്ള റോഡ് മെച്ചപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കും. ഇക്കാര്യം നേരത്തേ തന്നെ പരിഗണനയിലുണ്ട്. ചില ജോലികള്‍ ചെയ്തു വരികയുമാണ്. ദുരന്തത്തിനിരയായി കാണാതാവര്‍ക്കായി തെരച്ചില്‍ തുടരുമെന്നും മികച്ച രക്ഷാപ്രവര്‍ത്തനമാണ് പെട്ടിമുടിയില്‍ നടന്നു വരുന്നതെന്നും വ്യക്തമാക്കി. പെട്ടമുടിയില്‍ നടന്നത് വന്‍ ദുരന്തമെന്നാണ് മുഖ്യമന്ത്രിക്കൊപ്പം സ്ഥലം സന്ദര്‍ശിച്ച ഗവര്‍ണര്‍ പറഞ്ഞു. കാര്യത്തെക്കുറിച്ച് അറിയാന്‍ രാഷ്ട്രപതി വിളിച്ചിരുന്നതായും പറഞ്ഞു.

