ദില്ലി : കോവിഡ് പശ്ചാത്തലത്തിൽ ഗള്ഫ് രാജ്യങ്ങളില് നിന്ന് മടങ്ങാന് ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെയെത്തിക്കാന് കേന്ദ്രസര്ക്കാര് വിപുലമായ സംവിധാനമൊരുക്കുന്നു. മൂന്ന് യുദ്ധക്കപ്പലുകളും അഞ്ഞൂറോളം വിമാനങ്ങളും ഇതിനായി തയ്യാറായി കഴിഞ്ഞു. മടങ്ങിവരുന്നവരില് സാധാരണ തൊഴിലാളികള്ക്കാകും ആദ്യ പരിഗണന എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച അറിയിച്ചിരുന്നു. തുടര്ന്ന് വിദ്യാര്ത്ഥികളും പിന്നാലെ മറ്റ് തൊഴിലുകള്ക്കായി വിദേശത്തേക്ക് പോയവരെയും മടക്കിയെത്തിക്കും.
മടങ്ങാന് തയ്യാറായ പ്രവാസികളുടെ കൃത്യമായ പട്ടിക തയ്യാറാക്കി സംസ്ഥാനങ്ങളുമായി ചേര്ന്ന് ആലോചിച്ച ശേഷമാകും അവരുടെ പുനരധിവാസം നടത്തുക. നാവികസേനയുടെയും എയര് ഇന്ത്യയുടെയും സഹായം ഇതിനായി തേടിയിട്ടുണ്ട്. നാട്ടിലെത്തുന്ന ഇവരെ പ്രത്യേകം തയ്യാറാക്കിയ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്കോ ആവശ്യമെങ്കില് നേരെ ആശുപത്രികളിലേക്കോ എത്തിക്കാനാണ് തീരുമാനം. പ്രവാസകാര്യ മന്ത്രാലയം ഇതിനായി പ്രത്യേക കണ്ട്രോള് റൂം ഉടന് പ്രവര്ത്തനം ആരംഭിക്കും. എന്നാല് മെയ് 3 വരെ എല്ലാവിധ പൊതുഗതാഗതവും ഇന്ത്യ വിലക്കിയതിനാല് ഇവരുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലായി. പ്രവാസികളുടെ പുനരധിവാസത്തിനായുള്ള കേന്ദ്ര അറിയിപ്പിനായി കാക്കുകയാണെന്ന് ദുബായിയിലെ ഇന്ത്യന് കോണ്സല് ജനറല് വിപുല് അറിയിച്ചു. ഗള്ഫ് രാജ്യങ്ങളിൽ തുറമുഖ നഗരങ്ങളില് ധാരാളം ആളുകള് താമസിക്കുന്നുണ്ട്. ഇവരെ തുറമുഖങ്ങളില് നിന്ന് നേരിട്ട് തിരികെയെത്തിക്കാനാണ് നാവികസേനയുടെ സഹായം തേടിയിരിക്കുന്നത്.അതേസമയം നാട്ടിലേക്ക് മടങ്ങിയെത്താന് നോര്ക്ക വെബ്സൈറ്റ് വഴി രജിസ്ട്രര് ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരുന്നു.

