തിരുവനന്തപുരം : യു.എ.ഇ കോൺസുൽ ജനറലിന്റെ കാണാതായ ഗൺമാൻ ജയ്ഘോഷിനെ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി. എആര്‍ ക്യാമ്പിലെ പോലീസുകാരനായ ജയ്ഘോഷിനെയാണ് ആക്കുളത്തെ വീടിന് സമീപത്തുനിന്ന് കണ്ടെത്തിയത്. പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത് . വീടിന്റെ പ്രദേശത്ത് നിന്ന് 150 മീറ്റർ മാറി ഒരു കുറ്റികാട്ടിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത് . പോലീസ് ഇയാളെ കിംസ് ആശുപത്രിയിലേക്ക് മാറ്റി. ജയ്ഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ജയ്ഘോഷിൽ നിന്ന് കണ്ടെത്താനാകുമെന്നാണ് വിവരം.
കരിമണല്‍ സ്വദേശിയായ ജയ്ഘോഷിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തുമ്പ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടർന്ന് ഇന്നലെ രാത്രി മുതല്‍ ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് ഇയാളെ കൈ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന അവസ്ഥയില്‍ കണ്ടെത്തിയത്.

