ദില്ലി: പാകിസ്താൻ അതിർത്തിക്ക് സമീപം ആദ്യമായി വനിതാ സൈനികരെ സുരക്ഷാചുമതലകൾക്കായി വിന്യസിച്ചു. അർധസൈനിക വിഭാഗമായ അസം റൈഫിൾസിൽനിന്നുള്ള മുപ്പതോളം വനിതാ സൈനികരെ വടക്കൻ കശ്മീരിലെ താങ്ക്ധർ സെക്ടറിലാണ് നിയമിച്ചത്. ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, സ്ത്രീകളുടെ ശരീരപരിശോധന തുടങ്ങിയ ജോലികളും ഇവരെ ഏൽപ്പിച്ചിട്ടുണ്ട്. ക്യാപ്റ്റൻ ഗുർസിമ്രാൻ കൗറിനാണ് ഇവരുടെ നേതൃത്വം.
കഴിഞ്ഞവർഷമാണ് മിലിട്ടറി പോലീസ് വിഭാഗത്തിൽ സാധാരണ സൈനികരായി സ്ത്രീകളെ തിരഞ്ഞെടുത്തത്. അമ്പതോളം പേരുള്ള ഇവർ ഇപ്പോൾ പരിശീലനത്തിലാണ്.

