Monday, October 26, 2026

അഴിമതി നടത്തുന്നവർ ഇനി ഒന്ന് ഭയപ്പെടും ; ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയായി ഇനി മുതൽ രൂപ ഐ പി എസ് ; നിയമനം നൽകി കർണാടക സർക്കാർ

ബെംഗളൂരു : സംസ്ഥാനത്ത് അഴിമതിക്കെതിരെ കനത്ത നടപടികള്‍ സ്വീകരിച്ച്‌ പ്രശസ്തയായ ഐ.പി.എസ് ഉദ്യോഗസ്ഥ ഡി. രൂപയ‌്‌ക്ക് പുതിയ ഒരു നിയമനം കൂടി നല്‍കി കര്‍ണാടക സര്‍ക്കാര്‍‌. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് രൂപ‌യ്ക്ക് നിയമനം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ഈ സ്ഥാനത്തേയ്ക്ക് എത്തുന്ന ആദ്യ വനിത ഉദ്യോഗസ്ഥയാണ് ഡി.രൂപ ഐ പി എസ്. 2000 ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥയാണ് രൂപ. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള രൂപ അഖിലേന്ത്യാ തലത്തില്‍ 43ആം റാങ്കോട് കൂടിയാണ് സിവില്‍ സര്‍വീസ് പാസായത്. നിലവിൽ റെയില്‍വേ പൊലീസ് ഐ.ജി സ്ഥാനമാണ് രൂപ വഹിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി..എം.കെ. മുന്‍നേതാവ് വി.കെ. ശശികലയ്ക്ക് വി.ഐ.പി. പരിഗണന ലഭിച്ചെന്ന് കണ്ടെത്തിയത് അന്ന് ജയില്‍ ഡി.ഐ.ജി.യായ രൂപയാണ് . ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് രൂപ സർക്കാരിന് നല്‍കിയിരുന്നു. ഇത് പിന്നീട് വൻ വിവാദത്തിന് വഴിവെച്ചിരുന്നു . വി.ഐ.പി സൗകര്യം ലഭിക്കുന്നതിന് ജയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന റിപ്പോര്‍ട്ട് ജയില്‍വകുപ്പില്‍ അഴിച്ചുപണി നടത്താൻ കാരണമായി . ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും . പിന്നീട് അന്വേഷണ കമ്മിഷനും രൂപയുടെ കണ്ടെത്തലുകള്‍ ശരിവെയ്ക്കുകയും ചെയ്തു.

Related Articles

Latest Articles